തിരുവനന്തപുരം: അരി റെഡി. ശർക്കര റെഡി. അടുപ്പ് റെഡി തീ കത്തിക്കാൻ സമയം ഇനിയും ബാക്കി. 'ലക്ഷ്മി, മാളൂ, റാണി വാ നമ്മുക്കൊരു സെൽഫി എടുക്കാം" പെൺപിള്ളേർ മൊബൈൽ ഫോണെടുത്തു നീട്ടി പിടിച്ചൊരു ക്ളിക്ക്! സെൽഫി അപ്പോൾ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് പറന്നു. പിന്നെ കമന്റുകളുടെയും സ്മൈലികളുടെയും ബഹളം.
ഇന്നലെ പൊങ്കാല ഇടാനെത്തിയ പുതിയ തലമുറയിലെ പെൺകുട്ടികളിൽ ഒട്ടുമിക്കപേരും സെൽഫിയെടുക്കാൻ സമയം കണ്ടെത്തി. പൊങ്കാല ഇടുന്നതിനു മുമ്പു മാത്രമല്ല ശേഷവും സെൽഫികൾ പിറന്നു. ചിലരൊക്കെ പൊങ്കാലയിടുന്നത് ഫേസ്ബുക്കിൽ ലൈവാക്കി. സെൽഫിക്കും പൊങ്കാല തയ്യാറാക്കലിനും ശേഷം പിള്ളേരെല്ലാം പർച്ചേസിംഗിനിറങ്ങി. മാല, കമ്മൽ, മേക്കപ്പ് സാധനങ്ങളൊക്കെ വഴിയോരക്കടകളിൽ സുലഭം
'' മക്കളേ ദേ ഇതു വാങ്ങിക്കൊണ്ടു പോകൂ, ഇതാണ് അഡാർ ലൗവ് മാല"- തട്ടിക്കൂട്ടിയ ഫാൻസി കടയിൽ നിന്നു കച്ചവടക്കാരൻ വിളിച്ചു പറഞ്ഞതും തുള്ളിച്ചാടി ചില കുമാരിമാരൊക്കെ അങ്ങോട്ടു കയറി. ആറ്റുകാൽ പൊങ്കാലയിടാൻ അമ്മയ്ക്കൊപ്പം വന്നവരാണ് കുമാരിമാർ.
പുറത്തു നിന്നും നോക്കുംപോലെയല്ല അകത്ത് കയറിയപ്പോൾ മാലയുടെയും കമ്മലിന്റെയുമൊക്കെ കമനീയ ശേഖരം. ഒരു ജോടി കമ്മലിന്റെ വില ചോദിച്ചു '' 50 രൂപ" മറിച്ചു തിരിച്ചു നോക്കിയ ശേഷം കുമാരിമാരിലൊരാൾ '' അപ്പുറത്തെ കടയിലെ ചേട്ടൻ ഇത് 40 രൂപയാ പറഞ്ഞത്" നാല്പതു രൂപയോ എന്നാൽ പിന്നെ മക്കള് ആ ചേട്ടന്റെ കൈയിൽ നിന്നും വാങ്ങിച്ചോളിൻ- കടക്കാരൻ ഒന്നു കലിച്ചു. '' 45 രൂപയ്ക്കാണേൽ നമ്മളെടുത്തോളം രണ്ടെണ്ണം" - പിള്ളേരൊന്നു താഴ്ന്നു. കച്ചവടം നടന്നു.
''ചേച്ചീ, കളിപ്പാട്ടങ്ങളൊക്കെ വാങ്ങിക്കൊണ്ടുപോയീൻ..." ഏതെടുത്താലും 40 രൂപ... മുന്നിലേക്ക് കച്ചവടക്കാരൻ വച്ചു നീട്ടിയ കളിപ്പാട്ടങ്ങൾ നോക്കിയിട്ട് പൊങ്കാലയിടാൻ എത്തിയ ഒരു ഭക്തയുടെ പ്രതികരണം ഇങ്ങനെ '' പിള്ളേരൊക്കെ വളർന്നു പോയടേയ്, പൊടിപ്പിള്ളേരൊന്നും നമ്മള വീട്ടിൽ ഇല്ല" എന്നിട്ടൊരു ചിരിയും. കൂടെ വന്നവരും ചിരിച്ചുകൊണ്ടു ന്നടന്നു നീങ്ങി.
ആറ്റുകാൽ പൊങ്കാല എന്നാൽ പൊങ്കാല അർപ്പിക്കുന്നതുകൊണ്ട് അവസാനിക്കുന്നില്ല. പൊങ്കാല അടുപ്പിൽ തീ പകർന്നു കഴിഞ്ഞാൽ പിന്നെ കുട്ടികളൊക്കെ ഷോപ്പിംഗ് തിരക്കിലേക്ക് പോകും. ചിലരൊക്കെ അപ്പോൾ തന്നെ പോയി അന്നദാന ക്യൂവിൽ ഇടം പിടിച്ചു കളയും. എല്ലാം പൊങ്കാല ഉത്സവത്തിന്റെ ഭാഗമാണ്. പൊങ്കാല ഒരുക്കാനുള്ള സാധനങ്ങളുമായി വീടുകളിൽ നിന്നു പുറപ്പെടുന്ന പെണ്ണുങ്ങൾ തിരിച്ച് എത്തുന്നത് അടുക്കളയ്ക്കു വേണ്ട സർവ സാധനങ്ങളുമായാണ്. സേഫ്ടി പിൻ മുതൽ പട്ടുസാരികൾ വരെയാണ് ഉത്സവമേഖലയിലെ തെരുവോര കച്ചവടം.
സാരിക്കൊക്കെ സഹായവില. ഏതെടുത്താലും നൂറു രൂപ!
പ്ളാസ്റ്റിക്കിലും സ്റ്റീലിലുമുള്ള പാത്രങ്ങളൊക്കെ നിരത്തിയിട്ടിരിക്കുകയാണ്. നാടിന്റെ നാനാദിക്കിൽ നിന്നും വരുന്ന പെണ്ണുങ്ങൾ. ഫാൻസി ഐറ്റങ്ങളും അടുക്കളയ്ക്കു വേണ്ട പാത്രങ്ങളും കണ്ടാൽ ഒരെണ്ണമെങ്കിലും വാങ്ങാതെ പോകാൻ മനസു വരുമോ? മലയാളി മങ്കയുടെ ആ സൈക്കോളജി മുതലെടുത്തു തന്നെയാണ് കച്ചവടക്കാർ പൊങ്കാല സ്ഥലത്ത് എത്തുന്നത്. വെള്ളത്തിലിട്ടാൽ 24 മണിക്കൂറുകൊണ്ട് ഒരടി വളരുന്ന അലങ്കാര ചെടിക്ക് രൂപ ഇരുപതേയുള്ളൂ. മയിൽപ്പീലി വീശറിയും കുട്ടിയുടുപ്പുമെല്ലാം സുലഭം. പിന്നെ വെറൈറ്റി മുറുക്കുകളും ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചായിരുന്നു ഇത്തവണയും പൊങ്കാല. സ്റ്റീൽ പാത്രങ്ങളുമായാണ് മിക്കവരും ക്യൂവിൽ ഇടം പിടിച്ചത്. ഇതിനിടയിൽ വാഹനങ്ങളിൽ വന്ന് ആഹാരം വിളമ്പിയ ചിലർ പ്ളാസ്റ്റിക് പ്ലേറ്റുകൾ ഉപയോഗിച്ചു.
പൊങ്കാലയിടാൻ സ്ത്രീകൾ വരുന്നതൊക്കെ വളരെ ശാന്തരായാണ്. എന്നാൽ പൊങ്കാലയിൽ തീർത്ഥം വീണു കഴിഞ്ഞാൽ പിന്നെ എല്ലാംകൂടി എടുത്ത് കൂടയിലാക്കി കൊണ്ടൊരോട്ടമാണ്. ബസ് കിടക്കുന്നിടത്തേക്കും റെയിൽവേ സ്റ്റേഷനിലേക്കുമൊക്കെ...