തിരുവനന്തപുരം: കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിച്ചു വരുന്ന ആറ്റുകാലമ്മയുടെ പൊങ്കാല ദിവസം കാത്തിരിക്കുന്ന മലയാളികൾ മാത്രമല്ല വിദേശികളുടെ എണ്ണവും വർദ്ധിച്ച് വരികയാണ്. അമ്പതോളം വിദേശികളാണ് ഇത്തവണ പൊങ്കാല അർപ്പിക്കുന്നതിനും പൊങ്കാല കണ്ട് ആസ്വദിക്കുന്നതിനുമായി തലസ്ഥാനത്തെത്തിയത്. വിഴിഞ്ഞം ആഴിമലയിൽ സത്സംഗം സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചർ എന്ന കഥകളി പഠനകേന്ദ്രം നടത്തുന്ന കാനഡ സ്വദേശി മെർസിയ എന്ന ഗംഗയിൽ നിന്ന് ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് കേട്ടറിഞ്ഞ് പതിനാറ് വിദേശികളാണ് ലോകത്തിന്റെ പലഭാഗത്ത് നിന്നുമായി തലസ്ഥാനത്തെത്തിയത്. ഇത്തവണ പൊങ്കാല കണ്ട് ആസ്വദിച്ച വിദേശികൾ അടുത്ത തവണ പൊങ്കാല അർപ്പിക്കാനായി എത്തുമെന്ന് പറഞ്ഞാണ് നഗരം വിട്ടത്.
പാറ്റൂർ വിവിൻ ഹോട്ടലിന് മുന്നിൽ പൊങ്കാല അർപ്പിച്ചത് അമേരിക്കയിൽ നിന്നുള്ള റബേക്കയും ജോൺലിന്നുമാണ്. പൊങ്കാലയുടെ തലേദിവസം എത്തിയ ഇവർ പൊങ്കാല അർപ്പിച്ചശേഷം അടുത്ത ദിവസം തന്നെ അമേരിക്കയിലേക്ക് മടങ്ങും. "അദ്ഭുതം, ആശ്ചര്യം .. ഇത്രയും സ്ത്രീകൾ സമാധാനപരമായി ഇത്തരമൊരു ആഘോഷത്തിനായി ഒത്തുകൂടുന്നത് ആദ്യമായാണ് ഞങ്ങൾ കാണുന്നത്. " ജെർമൻകാരായ ബെന്നും റോയിയും ആറ്റുകാൽ പൊങ്കാലയെക്കുറിച്ച് കേട്ടറിഞ്ഞാണ് തലസ്ഥാനത്തെത്തിയത്. ഈ അപൂർവ അനുഭവം സ്വന്തം നാട്ടുകാരുമായി പങ്കുവയ്ക്കുമെന്നും ഇവർ പറയുന്നു.