കാസർകോട്: പെരിയ ഇരട്ട കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത അയ്യങ്കാവ് വീട്ടിൽ പീതാംബരന്റെ വീട് ഒരുസംഘം അടിച്ച് തകർത്തു. വീടിന് മുന്നിലെ കൃഷിയിടത്തെ വാഴയും മറ്റ് വിളകളും വെട്ടിനശിപ്പിക്കുകയും ചെയ്തു. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റർ ദൂരത്താണ് പീതാംബരന്റെ വീട്.
പെരിയയിൽ കൊലപാതക സംഭവത്തിന് ശേഷം വ്യാപകമായ അക്രമമാണ് തുടരുന്നത്. സ്ഥലത്തെ സി.പി.എം ഓഫീസുകളും, കൊടിമരവും അക്രമികൾ തകർത്തിട്ടുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളും തകർത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അക്രമി സംഘം പീതാംബരന്റെ വീട് ആക്രമിച്ചത്. വീടിന്റെ അകത്ത് പ്രവേശിച്ച് അക്രമി സംഘം വാതിലുകളും, സാധനങ്ങളും തകർക്കുകയും പുറത്തേയ്ക്ക് സാധനങ്ങൾ വലിച്ചിടുകയും ചെയ്തു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകർത്തിട്ടുണ്ട്. പീതാംബരന്റെ കുടുംബം തറവാട്ട് വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഇവിടെ അരങ്ങേറിയ അക്രമ സംഭവങ്ങിളിലെല്ലാമായി ഇരുപതോളം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.