bjp

തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ശിവസേനയ്‌ക്ക് ബി.ജെ.പിയോട് സഖ്യം കൂടാതെ വയ്യ. മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം കഴി‌ഞ്ഞ ദിവസം വീണ്ടും ഒരുമിച്ചു. ഒരേ ആശയഗതിയിൽ സഞ്ചരിക്കുന്നവർ, രാമക്ഷേത്രം ഉയരണമെന്ന് ആഗ്രഹിക്കുന്നവർ, പിന്നെ ഞങ്ങൾക്കിടയിൽ എന്താണ് പ്രശ്‌നമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞത്.

നിർണ്ണായകമായ ലോക്‌സഭ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്കൊപ്പം മത്സരിക്കാനാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. ദേവേന്ദ്ര ഫട്‌നാവിസ്, ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവർ സംയുക്ത വാർത്താസമ്മേളനം നടത്തിയാണ് സഖ്യവിവരം പ്രഖ്യാപിച്ചത്. 2014ൽ നിന്നും വിഭിന്നമാ രാഷ്ട്രീയ സാഹചര്യമാണ് ഇത്തവണ മഹാരാഷ്ട്രയിലേത്.

80 എം.പിമാരുള്ള യു.പി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എം.പിമാരെ തിരഞ്ഞെടുക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 സീറ്റിൽ ബി.ജെ.പി 26 സീറ്റുകളിലും ശിവസേന 22സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. ഇത്തവണ ബി.ജെ.പി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലുമാണ് മത്സരിക്കുക. നിയമസഭാ തിരഞ്ഞെടുപ്പിൽ പകുതി സീറ്റുകളിൽ വീതം മത്സരിക്കാനും ധാരണയായി.

1989-ലാണ് ശിവസേനയും ബി.ജെ.പി.യും മഹാരാഷ്ട്രയിൽ ഒന്നിച്ച്‌ മത്സരിച്ചത്. കാൽനൂറ്റാണ്ട് തുടർന്ന ബി.ജെ.പി -ശിവസേന സഖ്യം 2014-ലെ നിയമസഭാതിരഞ്ഞെടുപ്പിലാണ് ഉലഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പിയും ശിവസേനയും തമ്മിൽ തെറ്റിയത്. ഇതോടെ സഖ്യമില്ലാതെയാണ് ആ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും മത്സരിച്ചത്.

288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 123 സീറ്റുകൾ ബി.ജെ.പിയും 63 സീറ്റുകൾ ശിവസേനയും നേടി. തിരഞ്ഞെടുപ്പിന് ശേഷം രണ്ടു പാർട്ടികളും ചേർന്ന് കാഴ്ചയ്ക്കാണ് ദേശീയ രാഷ്ട്രീയം സാക്ഷിയായത്. എന്നാൽ,​ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കുമെന്ന് പറയുംപോലെ വെെകാതെ ബന്ധത്തിൽ വിള്ളലുകളുണ്ടായി. തുടർന്ന് എല്ലാ കാര്യങ്ങളിലും ബി.ജെ.പിയെയും മോദിയെയും വിമർശിക്കുക മാത്രമായിരുന്നു ശിവസേനയുടെ ജോലി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി യാതൊരു സഖ്യവുമില്ലെന്ന് കഴിഞ്ഞവർഷം ശിവസേന പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. പക്ഷേ,​ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പിൻബലമില്ലാതെ മത്സരിച്ചാൽ എൻ.സി.പി കോൺഗ്രസ് സഖ്യത്തിനാകും ഗുണം ചെയ്യുകയെന്ന തിരിച്ചറിവിൽ നിന്നാണ് ശിവസേനയുടെ മനം മാറ്റം. ശിവസേന തങ്ങളുടെ സ്വന്തം നിലനിൽപിന്റെ പ്രശ്‌നമാണ് അഭിമുഖീകരിക്കുന്നത്. ശിവസേന ബി.ജെ.പിയെ നിരവധി തവണ വിമർശിച്ചതാണ്. ഉദ്ദവ് താക്കറയുടെ കളികൾ നന്നായി അറിയാവുന്ന അമിത്ഷായ്‌ക്ക് പുതിയ തന്ത്രങ്ങൾ ഇനിയും മെനയേണ്ടി വരുമെന്നത് തീർച്ച.