youth-congress

കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും, കൃപേഷും കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ അച്ഛൻ കൃഷ്‌ണൻ ഹൈക്കോടതിയെ സമീപിക്കും. കൊല നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നും പിന്നിൽ കൂടുതൽ പേരുണ്ടെന്നും കൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനെ തുടർന്നാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് കൃഷ്ണൻ വ്യക്തമാക്കി.

അതേസമയം, പ്രാദേശിക ത‌ർക്കത്തിനിടെ കൃപേഷും ശരത്‌ ലാലും തന്നെ ആക്രമിച്ചപ്പോൾ പാർട്ടി സഹായിക്കാതിരുന്നതിലെ അപമാനം കാരണമെന്ന് അറസ്റ്റിലായ സി.പി.എം ലോക്കൽ കമ്മിറ്റി മുൻ അംഗം എ. പീതാംബരന്റെ മൊഴി.

കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലുമായി താൻ വഴക്കിൽ ഏർപ്പെട്ടത് ചില പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിലാണ്. ഇരുവരും തന്നെ ആക്രമിച്ചത് പാർട്ടിയിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ലോക്കൽ കമ്മിറ്റി അംഗമെന്ന പരിഗണന പോലും കിട്ടാതിരുന്നപ്പോഴാണ് കടുത്ത തീരുമാനമെടുത്തതെന്നും പീതാംബരൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.

എന്നാൽ പീതാംബരന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. മുന്നാട് സഹകരണ കോളേജിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് പീതാംബരനെ കൈയേറ്റം ചെയ്‌ത സംഘത്തിൽ കൃപേഷ് ഉണ്ടായിരുന്നില്ലെന്നും ആ സമയം കൃപേഷ് വീട്ടിലുണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇക്കാരണത്താൽ, കൈയേറ്റശ്രമ കേസിൽ പൊലീസ് കൃപേഷിനെ പ്രതി ചേർത്തിരുന്നുമില്ലെന്നും പീതാംബരൻ പറയുന്നു.