കാസർകോട്: പെരിയ ഇരട്ട കൊലക്കേസിൽ സർക്കാരും സി.പി.എമ്മും കടുത്ത പ്രതിരോധത്തിൽ. ആയിരം ദിനങ്ങൾ പൂർത്തിയാക്കി ആഘോഷത്തിലേക്ക് കടന്ന സർക്കാരിനും, തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളിൽ ആവേശം നിറയ്ക്കാൻ യാത്രയ്ക്കിറങ്ങിയ പാർട്ടിയ്ക്കും മേലെ വെള്ളിടിയായിട്ടാണ് പെരിയ ഇരട്ട കൊലപാതകം വീണത്.
കൊലയുടെ ഭീകരതയും സ്വഭാവവും പരിഗണിച്ച് കൊലയ്ക്കു പിന്നിൽ കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമുണ്ടെന്ന് പറഞ്ഞാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ ഇരട്ടക്കൊലപാതകത്തിൽ സർക്കാരും സി.പി.എമ്മും പ്രതരോധത്തിലാവുകയും, മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും സംഭവത്തെ തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെ അന്വേഷണസംഘത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ്.
കൊലയ്ക്കു പിന്നിൽ കണ്ണൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമുണ്ടെന്ന് ആദ്യം പറഞ്ഞ പൊലീസ്, സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരന്റെ അറസ്റ്റോടെ സംഭവത്തെ പ്രാദേശികവിഷയം മാത്രമായി ചിത്രീകരിച്ച് മലക്കംമറിയുകയാണെന്നാണ് സൂചന. സി.പി.എം നേതൃത്വം പീതാംബരനെ കൈയൊഴിയുകയും, ഉന്നതതല സമ്മർദ്ദം ശക്തമാവുകയും ചെയ്തതിനെ തുടർന്നാണ് കൊലയാളികളെ പിടികൂടാൻ മുന്നിട്ടുനിന്ന രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തിൽ നിന്ന് മാറ്റിയതെന്ന് ആക്ഷേപമുണ്ട്.
നേരത്തേ അന്വേഷണ സംഘത്തിലുണ്ടായിരുന്ന രണ്ട് ഡിവൈ.എസ്.പിമാരോടും, ഒരു സി.ഐയോടുമാണ് മാറി നിൽക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി എം. പ്രദീപ്കുമാർ, ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജെയ്സൺ കെ. എബ്രഹാം എന്നിവർ മാത്രമാണ് സംഘത്തിൽ ശേഷിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ.
കൊലപാതകത്തിന്റെ ആസൂത്രണവും നിർവഹണവും സംബന്ധിച്ച അന്വേഷണം പാർട്ടി ജില്ലാ നേതൃത്വത്തലേക്കു പോലുമെത്താതെ, പൂർണമായും പ്രാദേശികതലത്തിൽ ഒതുക്കാനാണ് പൊലീസ് ശ്രമം.
പെരിയ ഇരട്ട കൊലപാതകത്തിൽ അറസ്റ്റിലായ പീതാംബരന്റെ വീട് അടിച്ച് തകർത്തു
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ആറു പേർക്കു പുറമേ കണ്ണൂർ ആലക്കോട് സ്വദേശിയായ ഒരാളെക്കൂടി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ വാഹനത്തിലാണ് കൃത്യം നടത്തിയ സ്ഥലത്തേക്ക് കൊലയാളി സംഘം എത്തിയതെന്നും, ഇയാൾ ഉൾപ്പെടെ മൂന്നു പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായതെന്നും പൊലീസ് പറയുന്നു. സംഭവത്തിനു പിന്നിൽ ഉന്നത ഗൂഢാലോചന ഉണ്ടെന്ന ആരോപണത്തിലേക്കോ, ക്വട്ടേഷൻ സംഘം ഉൾപ്പെട്ടിരിക്കാനുള്ള സാധ്യതയിലേക്കോ അന്വേഷണം നീളുന്നില്ല.