2019-election-

ഭോപ്പാൽ: 15 വർ‌ഷം തുടർച്ചയായി ബി.ജെ.പി ഭരിച്ച ഉരുക്കുകോട്ടയായിരുന്നു മദ്ധ്യപ്രദേശ്. എന്നാൽ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നിൽ ബി.ജെ.പിക്ക് അടിയറവ് പറയേണ്ടിവന്നു. പ്രതീക്ഷിക്കാത്ത വിജയമായിരുന്നു കോൺഗ്രസ് മദ്ധ്യപ്രദേശിൽ നേടിയെടുത്തത്. ഇപ്പോഴിതാ ലോക്സഭ തിരഞ്ഞെടുപ്പിലും ഇതേ വിജയം ആവർത്തിക്കാൻ വൻ രാഷ്ട്രീയ നീക്കങ്ങൾക്കാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി മുൻ ബി.ജെ.പി മുഖ്യമന്ത്രിക്ക് സീറ്റ് ഓഫർ ചെയ്താണ് ബി.ജെ.പിയെ കോൺഗ്രസ് ഞെട്ടിച്ചിരിക്കുന്നത്.

കോൺഗ്രസിന്റെ ഓഫർ സ്വീകരിച്ച മുൻ മുഖ്യൻ പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ സമ്മതം അറിയിച്ചെന്നാണ് വിവരം. ഇത് ബി.ജെ.പിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പിയുടെ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബാബുലാൽ ഗൗറാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ബി.ജെ.പിയുമായി ഇടഞ്ഞ് നിൽക്കുകയാണ് ഗൗർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. അതിന് പിന്നാലെ ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി ഗൗർ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്ന് മുതിർന്ന നേതാക്കളെ ബി.ജെ.പി തഴയുകയാണെന്ന് ബാബുലാൽ ഗൗർ ആരോപണം. മുതിർന്ന നേതാവ് എൽ.കെ അദ്വാനിയോട് പോലും ബി.ജെ.പി സ്വീകരിക്കുന്ന നിലപാടിലും ബാബുലാൽ അമർഷം പ്രകടിപ്പിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ നേതാക്കളുടെ കൂട് വിട്ട് കൂടുമാറ്റമാണ് മദ്ധ്യപ്രദേശിൽ ബി.ജെ.പിക്ക് കൂടുതൽ തലവേദനയായിരിക്കുന്നത്. മുതിർന്ന നേതാക്കൾ അടക്കമാണ് ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയത്. നേരത്തേ ശിവരാജ് സിംഗ് മന്ത്രിസഭയിലെ അംഗമായിരുന്നു രാമകൃഷ്ണ കുഷ്മാരിയ ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയിരുന്നു. 76 വയസ്സുകാരനായ കുഷ്മാരിയ അഞ്ച് തവണ ലോക്സഭാംഗവും മൂന്ന് തവണ പാർട്ടി എം.എൽ.എയുമായിരുന്നു. നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ കുഷ്മാരിയക്ക് പാർട്ടി സീറ്റ് നൽകിയിരുന്നില്ല. ഇതോടയാണ് അദ്ദേഹം ബി.ജെ.പിയോട് ഇടയുന്നത്.