k-surendran

പൊലീസ് ആസ്ഥാനത്ത് സ്ഥാപിച്ച റോബോട്ടിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സല്യൂട്ട് നൽകി സ്വീകരിക്കുന്ന റോബോട്ടിന്റെ ചിത്രം വൈറലായിരുന്നു. എന്നാൽ ഈ ചിത്രത്തിനൊപ്പം രാഷ്ട്രീയ കൊലപാതകത്തെ ചേർത്തുവച്ച് ഫേസ്ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. മനുഷ്യന് ചെയ്യാനാവുന്നതെല്ലാം റോബോട്ടിനുമാവും പക്ഷേ അതിനൊരു ഹൃദയം ഉണ്ടാവുകയില്ല. ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ചിടത്തോളം ഹൃദയമുണ്ടാവുക എന്നത് മിനിമം വേണ്ട ഒരു യോഗ്യതയാണ്. എന്നാൽ കേരളത്തിൽ ഇതിനോടകം എത്ര കൊലപാതകങ്ങളാണ് ഉണ്ടായതെന്നും, ഇത്തരത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാവണമെന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഈ ചിത്രം ഒരുപാട് കാര്യങ്ങൾ പറയാതെ പറയുന്നുണ്ട്. റോബോട്ടിന് ഹൃദയം മാത്രമാണ് ഇല്ലാതുള്ളത്. മനുഷ്യൻ ചെയ്യുന്നതെല്ലാം റോബോട്ടിനും ചെയ്യാനാവും. ഹൃദയമുണ്ടാവുക എന്നതാണ് ഒരു പൊതുപ്രവർത്തകന് മിനിമം വേണ്ട യോഗ്യത. ഹൃദയശൂന്യമായ എത്രയെത്ര അറുംകൊലകൾ ഇതിനോടകം ചെയ്തു കഴിഞ്ഞു ഇവർ ഈ നാട്ടിൽ. ഈ മനുഷ്യക്കുരുതികൾ അവസാനിപ്പിച്ചുകൂടേ മിസ്റ്റർ പിണറായി വിജയൻ താങ്കളുടെ പാർട്ടിക്ക് ഇനിയെങ്കിലും.