cm-vasanthakumar-home

കൽപ്പറ്റ: കശ്‌മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ്. ജവാൻ വി.വി. വസന്തകുമാറിന്റെ ഭാര്യ ഷീനയ്‌ക്ക്‌ കേരള പൊലീസിൽ സബ് ഇൻസ്‌പെക്ടർ തസ്‌തികയിൽ നിയമനം നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാഗ്ദാനം നൽകിയിരുന്നു. വയനാട്ടിൽത്തന്നെ നിയമിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, വാഗ്‌ദാനം വിനയപൂർവം ഷീന നിരസിച്ചു. നിലവിലെ തസ്‌തികയിൽ സ്ഥിരപ്പെടുത്തിയാൽ മതിയെന്ന് മറുപടി നൽകി.

മന്ത്രിസഭാതീരുമാനം അറിയിച്ചപ്പോഴാണ് ഷീനയ്‌ക്ക് താൽപര്യമുണ്ടെങ്കിൽ എസ്.ഐ. ആയി നിയമനം നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ ദിവസം വസന്തകുമാറിന്റെ തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറവാട്ടുവീട്ടിലെത്തിയപ്പോഴാണ് ഷീനയ്‌ക്ക് മുഖ്യമന്ത്രി ഈ വാഗ്ദാനം നൽകിയത്. ചെറുപ്രായത്തിലുള്ള തന്റെ കുട്ടികളുടെ കാര്യങ്ങൾ നോക്കിനടത്താനും മറ്റുമുള്ള പ്രയാസം കണക്കിലെടുത്താണ് എസ്.ഐ. നിയമനം വേണ്ടെന്ന് ഷീന പറഞ്ഞത്.

അതേസമയം,​ പൊലീസിലേക്ക് വരുന്ന കാര്യം ഒന്നുകൂടി ആലോചിക്കാൻ മുഖ്യമന്ത്രി പറഞ്ഞു. ഉചിതമായ സ്ഥലം കണ്ടെത്തി ഷീനയ്‌ക്കും കുട്ടികൾക്കും വീടു നിർമിച്ചുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്കിടിയിൽ കൈവശമുള്ള ഭൂമിയിലോ സമീപത്തെ പൊതുഭൂമിയിലോ വീട് നിർമിച്ചു നൽകും. ലക്കിടിയിൽ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന് ആവശ്യമായ രേഖകളില്ലാത്ത പ്രയാസമുണ്ടെന്ന് ഷീന മുഖ്യമന്ത്രിയോട് പറഞ്ഞു. അതിനാൽ രേഖകൾ അനുവദിക്കുകയോ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കുകയോ വേണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.