ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തിൽ വ്യക്തമായ അഭിപ്രായം പങ്ക് വച്ച് നടി അനുമോൾ. ആർത്തവം അശുദ്ധമാണെന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാൽ ആ സമയങ്ങളിൽ ക്ഷേത്ര ദർശനം നടത്തുന്നതിന് തനിക്ക് വ്യക്തിപരമായി താത്പര്യമില്ലെന്നും താരം പറയുന്നു. വിയർത്തിരിക്കുമ്പോൾ പോലും അമ്പലങ്ങളിൽ കയറാൻ ഇഷ്ടപ്പെടാത്ത ഒരാളാണ് താനെന്നും എന്നാൽ അങ്ങനെ പോകുന്നവരോട് എതിർപ്പില്ലെന്നും അനുമോൾ ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഓരോരുത്തരും അവരുടെതായ ഇഷ്ടത്തിനാണ് ജീവിക്കുന്നത് അങ്ങനെയൊരു സാഹചര്യത്തിൽ ഒരാൾക്ക് മറ്റൊരാളെ എങ്ങനെയാണ് വിലക്കുവാനാവുന്നത്.
ജനിച്ചു വളർന്ന ചുറ്റുപാടും കേട്ടു വളർന്ന രീതികളും അനുസരിച്ച് ആർത്തവം ഉള്ളപ്പോൾ ക്ഷേത്രത്തിൽ പോകാൻ പറ്റുമോ എന്നൊക്കെ ഭയന്നിട്ടുണ്ട്. തന്റെ മനസിലെ ക്ഷേത്രങ്ങൾക്ക് കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും മണമാണെന്നും അനുമോൾ അഭിപ്രായപ്പെടുന്നു.
നാട്ടിൽ നവോത്ഥാനം ആരംഭിക്കേണ്ടത് കാവുകളിലാണെന്ന അഭിപ്രായമാണ് അനുമോൾക്ക് ഉള്ളത്. അതിന് കാരണമായി താരം പറയുന്നത് ഒരു ദേശത്തെ വിശ്വാസത്തിന്റെ പേരിൽ ഒരുമിപ്പിക്കുന്നതിനുവേണ്ടിയാണ് കാവുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. ശബരിമലയിൽ പോകേണ്ടവർ പോകട്ടേയെന്നും എല്ലാവർക്കും അവകാശപ്പെട്ടതാണ് നമ്മൾ ജീവിക്കുന്ന ഭൂമി അപ്പോൾ സ്ത്രീയെയും പുരുഷനെയും വേർതിരിച്ച് കാണേണ്ട ആവശ്യം എന്താണെന്നും അനുമോൾ ചോദിക്കുന്നു.