ശ്രീനഗർ: പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ കാശ്മീരിലെ വിഘടനവാദികളുടെയും രാഷ്ട്രീയക്കാരുടെയും സുരക്ഷ ഭരണകൂടം പിൻവലിച്ചു. 18 വിഘടനവാദികളുടെയും 155 രാഷ്ട്രീയക്കാരുടെയും സുരക്ഷയാണ് സർക്കാർ പിൻവലിച്ചത്. പി.ഡി.പി നേതാവ് വാഹിദ് പറായും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ ഷാ ഫൈസൽ എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടും. ജമ്മുകാശ്മീർ ചീഫ് സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇവർക്ക് സുരക്ഷ നൽകുന്നത് പാഴ്‌ചിലവാണെന്നും ആ തുക മറ്റ് കാര്യത്തിന് ഉപയോഗിക്കാമെന്നും യോഗം വിലയിരുത്തി.
സയ്യിദ് അലി ഷാ ഗീലാനി, ആഗാ സയ്യിദ് മോസ്വി, മൗലവി അബ്ബാസ് അൻസാരി, യാസ്മീൻ മാലിക്, സലീം ഗീലാനി, ഷഹീദ് ഉൾ ഇസ്ലാം, സഫർ അക്ബർ ഭട്ട്, നയീം അഹമ്മദ് ഖാൻ, മുക്താർ അഹമ്മദ് വസ, ഫറൂഖ് അഹമ്മദ് കിച്ലൂ, മസൂർ അബ്ബാസ് അൻസാരി, ആഗാ സയ്യിദ് അബുൾ ഹുസൈൻ, അബ്ദുൾ ഗനി ഷാ, മെഹമ്മദ് മുസാദിഖ് ഭട്ട് എന്നീ പ്രമുഖ വിഘടനവാദി നേതാക്കളുടെ സുരക്ഷയാണ് പിൻവലിച്ചിരിക്കുന്നത്.
പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആറ് വിഘടനവാദി നേതാക്കളുടെ സുരക്ഷ ജമ്മുകാശ്‌മീർ ഭരണകൂടം ഞായറാഴ്ച പിൻവലിച്ചിരുന്നു. ഹൂറിയത് ചെയർമാനും കാശ്‌മീരിലെ പ്രധാന മതനേതാക്കളിലൊരാളുമായ മിർവായിസ് ഉമർ ഫാറൂഖ്, ഫസൽഹഖ് ഖുറേഷി, അബ്ദുൾ ഗനി ഭട്ട്, ബിലാൽ ലോൺ, ജമ്മുകാശ്‌മീർ ലിബറേഷൻ ഫ്രണ്ടിന്റെ ഹാഷിം ഖുറേഷി, ജമ്മു ആൻഡ് കാശ്മീർ ഡെമോക്രാറ്റിക് ഫ്രീഡം പാർട്ടിയുടെ ഷബീർ ഷാ എന്നിവർക്ക് നൽകിയ പ്രത്യേക സുരക്ഷയാണ് അന്ന് പിൻവലിച്ചിരുന്നത്.