kodiyeri-sukumaran-nair

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തിൽ സർക്കാരുമായി ചർച്ചയ്‌ക്കില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിധി അനുകൂലമായാലും പ്രതികൂലമായാലും എൻ.എസ്.എസ് വിശ്വാസവിഷയത്തിൽ എടുത്ത നിലപാടിൽ ഉറച്ചുതന്നെ നിൽക്കും. നിലപാട് തിരുത്തേണ്ടത് സർക്കാരാണെന്നു സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ ദിവസം എൻ.എസ്.എസുമായി ചർച്ചയ്‌ക്കു തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയെയും കോടിയേരിയെയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരിൽനിന്നും ഉണ്ടായത്.

പിന്നീട് അതു സംബന്ധിച്ച് ഒരു ചർച്ചയ്ക്കോ കൂടിക്കാഴ്ചയ്ക്കോ എൻ.എസ്.എസ് ശ്രമിച്ചിട്ടില്ല, അതിന് ആഗ്രഹവുമില്ല, അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാൽ അത് നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ലെന്നും സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ പറയുന്നു.