kasargod-murder

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച മന്ത്രി ഇ.ചന്ദ്രശേഖരനോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ. 'കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്‌തു. അവനൊരു ക്രിമനൽ ഒന്നും അല്ല. പീതാംബരന്റെ തലയ്‌ക്ക് കുറ്റമിടാനാണ് ശ്രമിക്കുന്നത്. സി.ബി.ഐ വന്നാൽ സംസ്ഥാന സർക്കാർ ഉണ്ടാകുമോ'യെന്നും സത്യനാരായണൻ മന്ത്രിയോട് ചോദിച്ചു.

''സംരക്ഷണം കൊടുക്കേണ്ട സർക്കാരാണ് ജീവനെടുത്തത്. പാർട്ടിക്കാരാണ് ഗൂഢാലോചന നടത്തിയത്. മനശാന്തി കിട്ടണമെങ്കിൽ പ്രതികൾക്ക് ശിക്ഷ കിട്ടണം. ഇന്നോ ഇന്നലെയോ തുടങ്ങിയ ഗൂഢാലോചനയല്ല. ഇന്ന് രാവിലെയാണ് മന്ത്രി ഇ ചന്ദ്രശേഖരൻ കൊല്ലപ്പെട്ട ശരത്‌ലാലിന്റെ വീട് സന്ദർശിച്ചത്. കൊലപാതക രാഷ്ട്രീയത്തെ എല്ലാവരും തള്ളണമെന്നും രാഷ്ട്രീയമായ തർക്കം ആളുകൾ തമ്മിലുള്ളപ്പോൾ അത് പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

കൊലപാതകത്തെ ഏതെങ്കിലും പാർട്ടിയോ മുന്നണിയോ സർക്കാരോ അംഗീകരിക്കില്ല. ഇടതുമുന്നണിയും അംഗീകരിക്കില്ല. കൊലപാതകം എപ്പോഴും വ്യക്തികൾ ചേർന്ന് നടക്കുന്ന സംഘടനത്തിന്റെ ഭാഗമാകാം. അത് പോലും ഇവിടെ ഉണ്ടായിട്ടില്ല. അക്രമത്തെ തുടർന്നുണ്ടായ മരണമാണ്. കൊല്ലപ്പെട്ടവരും കൊലചെയ്തവരും രണ്ട് പ്രസ്ഥാനത്തിലായാൽ ബാക്കിയെല്ലാം വ്യാഖ്യാനിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.