kasargod-murder

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിന് ഒരുമാസം മുമ്പ് കോൺഗ്രസുകാർക്കെതിരെ കൊലവിളി നടത്തുന്ന സി.പി.എം നേതാവിന്റെ പ്രസംഗം പുറത്ത്. ''അധികം കളിച്ചാൽ ചിതയിൽ വയ്‌ക്കാൻ പോലും ഇല്ലാത്ത വിധം കോൺഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നാ''ണ് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ വി.പി.പി മുസ്തഫ പ്രസംഗിച്ചത്.

ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരൻ ആക്രമിക്കപ്പെട്ട രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് ഈ പ്രസംഗം നടത്തിയത്. ''പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മർദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങൾ ക്ഷമിക്കുകയാണ്. എന്നാൽ,​ ഇനിയും ചവിട്ടാൻ വന്നാൽ ആ പാതാളത്തിൽ നിന്ന് റോക്കറ്റ് പോലെ സി.പി.എം കുതിച്ച് കയറും.

അതിന്റെ വഴിയിൽ പിന്നെ കല്യോട്ടല്ല, ഗോവിന്ദൻ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തിൽ പെറുക്കിയെടുത്ത് ചിതയിൽ വയ്‌ക്കാനാകാത്ത വിധം ചിതറി പോകു''മെന്ന് മുസ്‌തഫ പ്രസംഗത്തിൽ പറഞ്ഞു. പ്രസംഗത്തിന്റെ വിഡിയോ സി.പി.എം അനുഭാവികളുടെ ഫേസ്ബുക്ക് പേജിൽ പ്രചരിപ്പിച്ചിരുന്നു.