ന്യൂഡൽഹി: കശ്‌മീരിലെ പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് സെെനികരുടെ യാത്ര വ്യോമ മാർഗമാക്കും. ന്യൂഡൽഹി-ശ്രീനഗർ, ജമ്മു-ശ്രീനഗർ യാത്രയാകും വ്യോമ മാർഗമാക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥർക്കും പുതിയ സേവനം ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഏകദേശം 780,000 പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവധിക്ക് പോകുമ്പോഴും തിരിച്ച് പോവുമ്പോഴും ആനുകൂല്യം ലഭ്യമാക്കും. നേരത്തെ ഓഫീസർമാർക്കു മാത്രമായിരുന്നു ഈ മേഖലകളിൽ വ്യോമ ഗതാഗത സൗകര്യം ഉണ്ടായിരുന്നത്. കോൺസ്റ്റബിൾ റാങ്കിലുള്ള 780,000 സി.ആർ.പി.എഫുകാർക്കും ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എന്നിവർക്ക് ഇത് ഗുണം ചെയ്യും.
നേരത്തെ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് സൈനികർക്ക് വ്യോമയാത്ര നിഷേധിച്ചെന്ന് വാർത്തകൾ വന്നിരുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് സൈനികരെ വിമാനത്തിൽ കൊണ്ടുപോവണമെന്ന അപേക്ഷ മന്ത്രാലയം തള്ളിയെന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ. ഈ ആരോപണം നേരത്തെ ആഭ്യന്തരമന്ത്രാലയം നിഷേധിച്ചിരുന്നു. ഫെബ്രുവരി 14ന് സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റിയാണ് പുൽവാമയിൽ തീവ്രവാദികൾ ഭീകരാക്രണം നടത്തിയത്.