ന്യൂയോർക്ക്: കൈകഴുകിയിട്ട് കൊല്ലം പത്തായി. പ്രമുഖ ടെലിവിഷൻ അവതാരകൻ പീറ്റ് ഹെഗ്‌സെത്താണ് ഈ മഹാൻ. ഭക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് അവതാരകന്റെ വെളിപ്പെടുത്തൽ. ഫോക്സ് ന്യൂസിലെ ഫോക്സ് ആന്റ് ഫ്രണ്ട്സ് എന്ന പരിപാടിയിലാണ് സംഭവം.
ലോക പിസാ ഡേയുമായി ബന്ധപ്പെട്ട് ഒരു ദിവസം പഴക്കമുള്ള പിസ കഴിച്ചപ്പോഴുള്ള അനുഭവം പങ്കുവച്ച സഹ അവതാരകരായ എഡ് ഹെന്റിയും ജെഡേഡിയാ ബിലയും സംസാരിക്കവെയാണ് ഹെഗ്‌സെത്ത് ഇക്കാര്യം പറഞ്ഞത്. പഴകിയ ഭക്ഷണം കഴിക്കുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തപ്പോഴും നഗ്നനേത്രം കൊണ്ടു കാണാനാകാത്ത അണുക്കൾ ശരീരത്തിനുള്ളിൽ എത്തി അസുഖമുണ്ടാക്കുന്നു എന്നാണ് അവർ പറഞ്ഞത്.
ഇതു കേട്ടപ്പോഴാണ് പത്തു വർഷമായി താൻ കൈകഴുകാറില്ലെന്ന വിവരം ഹെഗ്‌സെത്ത് വെളിപ്പെടുത്തിയത്. രോഗാണുക്കൾ ഒരു യഥാർത്ഥ കാര്യമല്ല. അവയെ ഇതുവരെ കണ്ടിട്ടില്ല. കൈകഴുകാത്തുമൂലം ഇതുവരെ അസുഖം പിടിപെട്ടിട്ടില്ലെന്നും ഹെഗ്‌സെത്ത് പറഞ്ഞു. സഹ അവതാരകർ ഇടപെടാൻ ശ്രമിച്ചെങ്കിലും ഹെഗ്‌സെത്ത് വിട്ടുകൊടുത്തില്ല. ഹെഗ്‌സെത്തിന്റെ വെളിപ്പെടുത്തൽ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അദ്ദേഹത്തെ അനുകൂലിച്ചും എതിർത്തും നിരവധി ട്വീറ്റുകളാണ് വരുന്നത്.വെളിപ്പെടുത്തൽ വൻ തള്ളാ ണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.