തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാദ്ധ്യത ഏറിയതായി സൂചന. സംസ്ഥാനത്ത് ബി.ജെ.പി ഏറ്രവുമധികം പ്രതീക്ഷയർപ്പിക്കുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും നായർ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾക്കാവും വിജയ സാദ്ധ്യത എന്ന വിലയിരുത്തിയാണ് രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് നിറുത്താൻ പാർട്ടി ആലോചിക്കുന്നത്.
പത്തനംതിട്ടയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയെ രംഗത്തിറക്കുമെന്നും സൂചനയുണ്ട്. മിസോറാം ഗവർണർ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് നിറുത്തണമെന്നായിരുന്നു ആർ.എസ്.എസിന്റെ താത്പര്യം. എന്നാൽ, ഗവർണറെ രാജിവയ്പിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അംഗീകാരം വേണം. മാസങ്ങൾക്ക് മുമ്പ് മാത്രം ഗവർണറാക്കിയ ആളെ തിരിച്ചുവിളിക്കാൻ നേതൃത്വം സമ്മതിക്കുമെന്ന് ഉറപ്പില്ല. തുടർന്നാണ് സുരേഷ് ഗോപിയിലേക്ക് ആലോചന എത്തിയതത്രേ.
സാമുദായിക സമവാക്യങ്ങൾ കൂടി വിലയിരുത്തി ശോഭാ സുരന്ദ്രനെ ആറ്റിങ്ങലിൽ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്. പത്തനംതിട്ടയിൽ കെ.പി.ശശികലയുടെ പേര് ഉയർന്നെങ്കിലും അവരുടെ സേവനം ഹിന്ദുഐക്യവേദിക്ക് തന്നെ വേണമെന്നാണ് ആർ.എസ്.എസ് നിലപാട്.
തുടർന്നാണ് ശ്രീധരൻപിള്ളയെ പത്തനംതിട്ടയിൽ പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം ഉയർന്നെങ്കിലും പാർട്ടി കേന്ദ്രനേതൃത്വം അതിന് വഴങ്ങിയില്ലെന്നും സൂചനയുണ്ട്.
സുരേന്ദ്രൻ തൃശൂരിൽ?
ശബരിമല സമരത്തിലൂടെ ശ്രദ്ധേയനായ കെ.സുരേന്ദ്രനെ ബി.ജെ.പി തൃശൂരിൽ മത്സരിപ്പിച്ചേക്കും. സുരേന്ദ്രൻ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ആർ.എസ്.എസ് നേതൃത്വം നടത്തിയ കൂട്ടിക്കിഴിക്കലുകളിൽ ഈ വാദത്തിന് വേണ്ടത്ര പ്രാധാന്യം കിട്ടിയില്ല.
സുരേന്ദ്രൻ തൃശൂരിൽ നിന്നാൽ ജയിക്കാൻ കഴിയുമെന്നാണ് ആർ.എസ്.എസ് കണക്കുകൂട്ടൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് ബി.ജെ.പിക്ക് രണ്ടു ലക്ഷത്തിലധികം വോട്ട് കിട്ടിയിരുന്നു. ഇത് മൂന്നര ലക്ഷത്തിലെത്തിക്കാൻ സുരേന്ദ്രന് കഴിയുമെന്നാണ് വിലയിരുത്തൽ. കെ.സുരേന്ദ്രൻ എവിടെ നിന്നാലും എൻ.എസ്.എസ് പിന്തുണ ബി.ജെ.പി പ്രതീക്ഷിക്കുന്നു. ഒന്നോ രണ്ടോ ബി.ജെ.പി സ്ഥാനാർത്ഥികളെ മാത്രമേ എൻ.എസ്.എസ് പിന്തുണയ്ക്കാനിടയുള്ളൂ എന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്.
വിജയസാദ്ധ്യത കണക്കുകൂട്ടുന്ന മറ്രൊരു സീറ്രായ പാലക്കാട്ട് ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ സി.കൃഷ്ണകുമാറായിരിക്കും സ്ഥാനാർത്ഥി എന്നും സൂചനയുണ്ട്.