ആ ചോദ്യത്തിനുള്ള ഉത്തരമല്ല തന്റെ ഫോണിലൂടെ കേൾക്കുന്നതെന്ന് രാഹുൽ അറിഞ്ഞു.
''എല്ലാവരും എസ്.ഐമാരാണ്. അല്ലേ? ബിന്ദുലാൽ, ആർജവ്, ഉദ്ദേഷ്കുമാർ, ബഞ്ചമിൻ, വിഷ്ണുദാസ്... കൊള്ളാം."
ആ ഉത്തരം തനിക്കുള്ള സൂചനയാണെന്ന് രാഹുൽ അറിഞ്ഞു!
തങ്ങളെ പിടിച്ചത് ആരെന്ന് അറിയിക്കുവാൻ വേണ്ടിയാണ് അയാൾ അങ്ങനെ പറഞ്ഞത്."
പെട്ടെന്ന് ഒരു അടിയുടെ ഒച്ചയും നേർത്ത ഞരക്കവും കേട്ടു.
''അതേടാ. നിന്റെയൊക്കെ തമ്പുരാക്കന്മാരെ കുടുക്കാൻ ഇറങ്ങിയിരിക്കുന്ന പോലീസാടാ ഞങ്ങള്. ഇനി നിന്റെയൊന്നും ശവം പോലും ഞങ്ങൾ ആർക്കും കൊടുക്കില്ല. നീയൊക്കെ തീർത്തില്ലേലും ഞങ്ങള് മൂസയെ കൊന്നേനെയെടാ..."
അത് കേട്ടതും രാഹുലിന്റെ തലച്ചോറിൽ ഒരു ഇടിമിന്നൽ പുളഞ്ഞു.
ചുട്ടിപ്പാറയിൽ വച്ച് സ്പാനർ മൂസയെയും സംഘത്തെയും ആക്രമിച്ചത് ഇതേ സംഘമാകും.
റാന്നിയിൽ തന്റെ ആളുകളെ കൊന്നതും ഇവരാകും. പിന്നെ മലയാലപ്പുഴയിൽ വച്ച് അമ്മിണിയെയും മറ്റും കൊന്നതും...!
ആ അഞ്ചുപേരുടെയും പേരുകൾ മനസ്സിന്റെ ഭിത്തിയിൽ കത്തികൊണ്ട് കോറിയിട്ടു രാഹുൽ.
അവർക്കു മാപ്പില്ല!
അവൻ തീരുമാനിച്ചുകഴിഞ്ഞു.
പൊടുന്നനെ അവന്റെ മുറിയുടെ വാതിലിൽ ആരോ മുട്ടി.
രാഹുൽ എഴുന്നേറ്റു വാതിൽ തുറന്നു.
മുന്നിൽ മെഡിക്കൽ കോളേജ് സി.ഐ ധനപാലനെയും സംഘത്തെയുമാണ് ആദ്യം കണ്ടത്.
അവർക്കു പിന്നിൽ ഡി.ജി.പി ഇർഫാൻ മുഹമ്മദും മുഖ്യമന്ത്രി വേലായുധൻ മാസ്റ്ററും.
രാഹുൽ അമ്പരന്നു.
''എന്താ എല്ലാവരും കൂടി?"
ആരും മിണ്ടിയില്ല.
ധനപാലനും സംഘവും അകന്നുനിന്നു. അവർക്കിടയിലൂടെ ഡി.ജി.പിയും മുഖ്യമന്ത്രിയും മുറിയിൽ കടന്നു.
വേലായുധൻ മാസ്റ്റർ, രാഹുലിന്റെ തോളിൽ കൈവച്ചു.
''നിന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല..."
രാഹുലിനു കാര്യം പിടികിട്ടിയില്ല.
''എന്താ.. എന്താ മാസ്റ്ററേ കാര്യം?"
മാസ്റ്റർ, ശബ്ദത്തിൽ പതർച്ച വരുത്തി.
''രാജസേനൻ.... പോയി...."
രാഹുലിന്റെ കാതിൽ പ്രപഞ്ചം നടുങ്ങുമാറ് ഉച്ചത്തിലുള്ള ഒരു വെള്ളിടിയായി ആ ശബ്ദം!
മാസ്റ്ററുടെ കൈ തട്ടിക്കളഞ്ഞിട്ട് അവൻ, അയാളെയും ഇർഫാൻ മുഹമ്മദിനെയും തുറിച്ചുനോക്കി.
''ഇല്ല.. അങ്ങനെ സംഭവിക്കില്ല..." അവൻ തല കുടഞ്ഞു.
പെട്ടെന്ന് പച്ചക്കമ്പു വലിച്ചുകീറും പോലെ ഒരു നിലവിളി കേട്ടു:
''മോനേ..."
ഡി.ജി.പിക്കും സി.എമ്മിനും ഇടയിലൂടെ രാഹുൽ നോക്കി.
വിലപിച്ചുകൊണ്ട് ഓടിവരുന്നു സാവത്രി! അവർക്കു പിന്നിൽ ചാനലുകാർ...
''മോനേ.. അദ്ദേഹം..."
അവർ, അവന്റെ നെഞ്ചിലേക്കു വീണു....
രാഹുൽ പകച്ചു ചുറ്റും നോക്കുകയാണ്. സി.ഐ ധനപാലന്റെ മുഖത്ത് ഒരു ഗൂഢ മന്ദസ്മിതം അവൻ കണ്ടു.
രാഹുലിന്റെ ഉള്ളിൽ കനലുകൾ ഇളകി. രാവിലെ കണ്ട രംഗം അവന്റെ കൺമുന്നിൽ വീണ്ടും വീണ്ടും മിന്നി....
രാഹുൽ നോട്ടം മാറ്റി.
സങ്കടം ഭാവിച്ച് മാസ്റ്റർ അറിയിച്ചു.
''സംഭവിച്ചതിനെക്കുറിച്ച് ഓർത്ത് വിലപിക്കരുതെന്ന് ഞാൻ പറയില്ല. പക്ഷേ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളണം നമ്മൾ..."
രാഹുൽ ഒന്നും കേട്ടില്ല. അമ്മയെ തന്നിൽനിന്ന് അടർത്തിമാറ്റിയിട്ട് അവൻ പുറത്തേക്കു കുതിച്ചു.
വെന്റിലേറ്റർ റൂമിനു മുന്നിലും ധാരാളം പോലീസ് ഉണ്ടായിരുന്നു.
അപ്പോഴും പിന്നാലെ ചാനലുകാരും കുതിച്ചുവരുന്നുണ്ട്.
പോലീസിനെ തള്ളിമാറ്റി രാഹുൽ വാതിൽ ചവുട്ടിത്തുറന്നു.
അകത്ത്...
അച്ഛന്റെ നിർജീവമായ ശരീരം!
അതിലേക്കു നോക്കി നിന്നെങ്കിലും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല രാഹുലിന്റെ കണ്ണുകളിൽ. അവന്റെ കടപ്പല്ലുകൾ ചേർന്നു ഞെരിഞ്ഞു.
''രാഹുൽ...." പിന്നിൽ വേലായുധൻ മാസ്റ്ററുടെ ശബ്ദം. ''കെ.എസ്.ആർ.ടി.സി യുടെ ഒരു പുതിയ വോൾവോ ബസ്സിൽ നമ്മൾ വിലാപയാത്രയായി സേനനെ കൊണ്ടുപോകും. പിന്നെ..."
''വേണ്ടാ..." കൈ ഉയർത്തിക്കൊണ്ട് രാഹുൽ വെട്ടിത്തിരിഞ്ഞു. ''അച്ഛനെ ഇവിടുത്തെ മോർച്ചറിയിൽത്തന്നെ സൂക്ഷിക്കാൻ പോകുകയാണ് ഞാൻ..."
''എന്തിന്?" മാസ്റ്റർ നെറ്റിചുളിച്ചു.
''അത് നിങ്ങളറിയും. പിന്നാലെ..." കൊടുങ്കാറ്റുപോലെ അവൻ പുറത്തേക്കു പാഞ്ഞു.
(തുടരും)