ന്യൂഡൽഹി: നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ തുടരുമെന്ന് ടൈംസ് ഒഫ് ഇന്ത്യ ദിനപത്രം നടത്തിയ മെഗാസർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 11മുതൽ 20 വരെ നടത്തിയ സർവേയിൽ രണ്ടുലക്ഷം പേരാണ് പങ്കെടുത്തത്.
പാവങ്ങൾക്ക് സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണം ലഭിച്ചു എന്നതാണ് സർക്കാരിന്റെ നേട്ടമായി കൂടുതൽ പേരും കണക്കാക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കലാവും ഏറ്രവും വലിയ തിരഞ്ഞെടുപ്പ് വിഷയമാണെന്നാണ് സർവേയിൽ പങ്കെടുത്ത 40.2 ശതമാനംപേരും അഭിപ്രായപ്പെട്ടത്.
സർവേയിൽ പങ്കെടുത്ത 84 ശതമാനം പേരാണ് മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ തിരിച്ചുവരുമെന്ന് പ്രവചിച്ചത്. 9.25 ശതമാനം പേർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി വരുമെന്ന് പ്രവചിച്ചു. അതേസമയം മോദിയെ കൂടാതെയുള്ള എൻ.ഡി.എ വരുമെന്ന പ്രവചിച്ചത് 4.25 ശതമാനം പേരാണ്. 3.47 ശതമാനം പേർ മഹാസഖ്യം അധികാരത്തിൽ വരുമെന്ന അഭിപ്രായക്കാരാണ്.
ആരായിരിക്കും പ്രധാനമന്ത്രി എന്ന ചോദ്യത്തിന് 83.89 ശതമാനം പേർ നരേന്ദ്രമോദി എന്നഭിപ്രായപ്പെട്ടപ്പോൾ രാഹുൽ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞത് 8.33 ശതമാനം പേർ. മമതയെ പ്രവചിച്ചത് 1.44 ശതമാനം പേരാണെങ്കിൽ മായാവതിക്ക് 0.43 ശതമാനം പേരെ സാദ്ധ്യത കാണുന്നുള്ളു. മറ്രാരെങ്കിലും പ്രധാനമന്ത്രിയാകുമെന്ന് കരുതുന്നത് 5.92 ശതമാനം പേരാണ്.
മോദി സർക്കാരിന്റെ പ്രകടനം വളരെ നല്ലത് എന്നഭിപ്രായപ്പെടുന്നത് 59.5 ശതമാനം പേരാണ്. 22.29 ശതമാനം പേർക്ക് നല്ലതാണെന്ന അഭിപ്രായമാണ്. മോശമാണെന്ന അഭിപ്രായം 9.94 ശതമാനം പേർക്കും ശരാശരിയാണെന്ന നിലപാട് 8.25 ശതമാനം പേർക്കുമുണ്ട്.