അജ്മീർ : പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ഭടൻമാരുടെ കുടുംബത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഭാവനകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ രാജസ്ഥാനിലെ അജ്മീറിലെ തെരുവിൽ ഭിക്ഷ എടുത്തിരുന്ന നന്ദിനി എന്ന സ്ത്രീയാണ് അവരുടെ ജീവിത സമ്പാദ്യമായ 6.61 ലക്ഷം രൂപ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നൽകുകയാണ്. സമൂഹത്തിന് മഹനീയമായ സന്ദേശം നൽകിയുള്ള ഈ സംഭാവനയിൽ നേരിട്ട് പങ്കാളിയാവാൻ നന്ദിനി ഇന്ന് ജീവനോടെ ഇല്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ രോഗബാധിതയായി മരണപ്പെട്ട ഇവരുടെ ആഗ്രഹ പ്രകാരമാണ് സമ്പാദ്യം വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നൽകാൻ തീരുമാനിച്ചത്.
അജ്മീറിലെ ഒരു ക്ഷേത്രത്തിന് മുന്നിലായിരുന്നു നന്ദിനി ഭിക്ഷയാചിച്ചിരുന്നത്. ഇവിടെ നിന്നും ലഭിക്കുന്ന തുക ചെലവ് കഴിച്ച് നിത്യവും ബാങ്കിൽ നിക്ഷേപിക്കുന്ന സ്വഭാവമായിരുന്നു ഇവർക്ക്. ബാങ്കിൽ നിക്ഷേപിച്ച തുക രാജ്യത്തിനായി ചെലവഴിക്കണമെന്ന ആഗ്രഹമായിരുന്നു നന്ദിനിയ്ക്കുണ്ടായിരുന്നത്. ബാങ്ക് നിക്ഷേപത്തിന്റെ അവകാശികളായി രണ്ട് പേരെയാണ് ഏർപ്പെടുത്തിയിരുന്നത്. പുൽവാമയിലെ തീവ്രവാദ ആക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബത്തെ സഹായിക്കുന്നതാണ് രാജ്യത്തിന് വേണ്ടി ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യമെന്ന് മനസിലാക്കിയാണ് നന്ദിനിയുടെ നിക്ഷേപം സംഭാവനയായി നൽകാൻ നന്ദിനി നിർദ്ദേശിച്ചിരുന്ന അവകാശികൾ തീരുമാനിച്ചത്.