ധാക്ക:ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ചൗക്ക്ബസാറിൽ രാസവസ്തുക്കൾ സൂക്ഷിച്ച കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 81 ആയി. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് സംഭവം.

ഗ്യാസ് സിലിണ്ടറിൽ നിന്നാണു തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. അപകട സ്ഥലത്തിനടുത്ത് ഒരു വിവാഹസത്കാരം നടക്കുന്നുണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും കത്തി നശിച്ചു.

പ്ളാസ്റ്രിക്കുകളും പെർഫ്യൂമുകളും സൂക്ഷിച്ചിരുന്ന മറ്റു നാല് കെട്ടിടങ്ങളിലേക്കും തീ പടർന്നതാണ് വൻ ദുരന്തത്തിന് കാരണം. അഞ്ച് കെട്ടിടങ്ങൾ പൂർണമായും കത്തി നശിച്ചു. അപകടത്തിനു പിന്നാലെ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടത് രക്ഷാപ്രവർത്തനത്തിന് തടസമായി. ഇന്നലെ രാവിലെയോടെ തീ നിയന്ത്രണവിധേയമാക്കിയതായി ബംഗ്ലാദേശ് അഗ്നിശമനസേനാ വിഭാഗം മേധാവി അലി അഹമ്മദ് പറഞ്ഞു. കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും തെരച്ചിൽ നടക്കുന്നുണ്ടെന്നും കൂടുതൽ പേർ മരിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2010ൽ ധാക്കയിലുണ്ടായ സമാനമായ തീപിടിത്തത്തിൽ 120 പേരാണു കൊല്ലപ്പെട്ടത്.