exam

തിരുവനന്തപുരം: ഐ.എ.എസ്,​ ഐ.പി.എ,സ് ഉൾപ്പടെ 24 സർവീസുകളിലേക്കുള്ള സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ ജൂൺ രണ്ടിന് നടക്കും. മാർച്ച് 18 വരെ അപേക്ഷ സമർപ്പിക്കാം.

ആകെ 896 ഒഴിവുകളിലേക്കാണ് ഇത്തവണ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരുവനന്തപുരം,​ കൊച്ചി,​ കോഴിക്കോട് എന്നിവയാണ് കേരളത്തിൽ നിന്നുള്ള പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങൾ. ആദ്യം ചോദിക്കുന്നവർക്ക് എന്ന മുറയ്ക്കാണ് കേന്ദ്രം അനുവദിക്കുന്നത്. മെയിൻ പരീക്ഷയ്ക് തിരുവനന്തപുരമായിരിക്കും കേരളത്തിൽ നിന്നുള്ള കേന്ദ്രം. അപേക്ഷ https://upsconline.nic.in ൽ ഓൺലൈനായി സമർപ്പിക്കാം.

യോഗ്യത

അംഗീകൃത സർവകലാശാലാ ബിരുദം. പ്രായം 2019 ആഗസ്റ്റ് ഒന്നിന് 21നും 32നും മധ്യേ. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾലഭിക്കും.

പ്രിലിമിനറി പരീക്ഷ

പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം. വിശദമായ സിലബസ് വിജ്ഞാപനത്തിലുണ്ട്. ഇതിൽ യോഗ്യത നേടുന്നവർ പിന്നീട് മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കണം.

അപേക്ഷാ ഫീസ്

1000 രൂപയാണ് അപേക്ഷാഫീസ്. വനിതാ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. സ്‌റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഓൺലൈൻ ഇടപാടിലൂടെയോ ഫീസടയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾ യു.പി.എസ്.സിയുടെ https://upsc.gov.in എന്ന സൈറ്റിൽ ലഭ്യമാണ്. ഫോൺ: 01123385271