ആലപ്പുഴ: എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം കയർ സംഭരണത്തിലും വിപണനത്തിലും മികച്ച നേട്ടം കൈവരിക്കാനായതായി കയർഫെഡ് ചെയർമാൻ അഡ്വ.എൻ. സായികുമാർ പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് കയർ സംഭരണത്തിൽ 90 ശതമാനം വളർച്ചയുണ്ടായി. ഇത് സർവകാല റെക്കാഡാണ്. സംസ്ഥാന സർക്കാരിന്റെയും മന്ത്രി തോമസ് ഐസക്കിന്റെയും ഇടപെടലുകളും ഗുണം ചെയ്‌തുവെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത സാമ്പത്തികവർഷം കയർ സംഭരണം രണ്ടുലക്ഷം ക്വിന്റലാക്കി വർദ്ധിപ്പിക്കാനാണ് കയർഫെഡ് ലക്ഷ്യമിടുന്നത്. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ കയർഫെഡിന്റെ വിറ്റുവരവ് 58.85 കോടി രൂപയായിരുന്നു. 100 ശതമാനം വർദ്ധന നേടി കഴിഞ്ഞ സാമ്പത്തികവർഷം വിറ്റുവരവ് 110.85 കോടി രൂപയായി.
ചകിരിയുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് സർക്കാർ സഹായത്തോടെ ശക്തമായ നടപടികളെടുക്കുന്നുണ്ട്. ചകിരി മില്ലുകളിൽ ഉത്പാദിപ്പിക്കുന്ന ചകിരി കയർഫെഡ് യഥാസമയം സംഭരിച്ച് കയർപിരി സംഘങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്. മണ്ണുജല സംരക്ഷണ പ്രവർത്തനത്തിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിന് ബൃഹത്തായ പദ്ധതിക്കാണ് 2017ലെ കയർ കേരളയിൽ ധാരണയായത്.
രണ്ട് പതിറ്റാണ്ട് മുമ്പ് കയർഫെഡ് സംസ്ഥാന സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്‌പാത്തുക കുടിശികയായി ജപ്തി ഭീഷണി നേരിടുന്ന സന്ദർഭത്തിലാണ് പുതിയ ഭരണസമിതി അധികാരമേറ്റത്. കുടിശിക വീട്ടാൻ സർക്കാർ സഹായം ലഭ്യമാക്കിയതോടെ കയർഫെഡിന്റെ ബാദ്ധ്യത ഒഴിവായെന്നും അദ്ദേഹം പറഞ്ഞു.
കയർഫെഡിന്റെ കയർസംഭരണം
കയർ വിപണനം