editorial-letter


കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം



അക്രമ രാഷ്ട്രീയവും നരബലിയും നവോത്ഥാന കേരള സംസ്കാരത്തിന് ചേർന്നതല്ല. ആയുധങ്ങൾ കൊണ്ടല്ല, ആശയങ്ങൾ കൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ പോരാട്ടങ്ങൾ നടത്തേണ്ടത്. രാഷ്ട്രീയ പകപോക്കലിനായി കാസർകോട്ടെ നിർദ്ധന കുടുംബത്തിൽപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നീ യുവാക്കൾ കൊല്ലപ്പെട്ട ദാരുണ സംഭവം ആവർത്തിക്കാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ കൊലപാതക രാഷ്ട്രീയത്തിനെതിരായ നിലപാടുകൾ സ്വീകരിക്കണം.

ബി.സുഗതകുമാരി, ഡോ. എം.ആർ. തമ്പാൻ, കെ.എൽ. മോഹനവർമ്മ, ടി.പി. ശ്രീനിവാസൻ, ഡോ. ജോർജ് ഒാണക്കൂർ, പ്രൊഫ. ജി. ബാലചന്ദ്രൻ, ബാലചന്ദ്രൻ വടക്കേടത്ത്, ടി. രാജീവ് നാഥ്, ശ്രീമൂലനഗരം മോഹൻ, ആര്യാടൻ ഷൗക്കത്ത്.


അന്ന് കെ.എസ്.ആർ.ടി.സി; ഇന്ന് കെ.എസ്.ഇ.ബി

സംസ്ഥാന വൈദ്യുതി ബോർഡിലെ യൂണിയനുകളുടെ താൽപര്യപ്രകാരം ബോർഡിൽ നിലവിലുള്ള ജീവനക്കാർക്ക് കേന്ദ്ര വൈദ്യുതി അതോറിറ്റി നിശ്ചയിച്ച യോഗ്യതകൾ ബാധകമാക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ച വിവരം വായിക്കാനിടയായി. കുറച്ചുനാൾ മുൻപ് കെ.എസ്.ആർ.ടി.സി ലെ യൂണിയനുകളുടെ നിർദ്ദേശപ്രകാരം സർക്കാർ അവിടുത്തെ സി.എം.ഡി യെ മാറ്റുകയും തൽഫലമായി അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ റദ്ദു ചെയ്യപ്പെടുകയും ചെയ്തിരുന്നു. അന്ന് കെ.എസ്.ആർ.ടി.സി ലെ യൂണിയനുകൾക്ക് വഴങ്ങേണ്ടി വന്നതുകാരണം ഇന്ന് കെ.എസ്.ഇ.ബി ലെ യൂണിയനുകൾക്കു മുന്നിലും സർക്കാരിന് വഴങ്ങേണ്ടി വന്ന കാഴ്ച്ച പരിഹാസ്യം തന്നെയാണ്. നാളെമുതൽ മറ്റ് വകുപ്പുകളിലെ ഭരണരീതികൾ അവിടുത്തെ യൂണിയനുകൾ പറയുന്ന പ്രകാരമാണ് നടക്കുകയെങ്കിൽ ഈ നാട്ടിൽ ജനാധിപത്യ രീതിയിലുള്ള ഭരണഘടനയോ സർക്കാരോ തിരഞ്ഞെടുപ്പോ ഒന്നുംതന്നെ വേണ്ടിവരില്ലല്ലോ; എല്ലാം യൂണിയനുകൾ മാത്രം തീരുമാനിച്ചാൽ മതിയല്ലോ. ഏതായാലും യൂണിയൻ നേതാക്കൻമാരുടെ വാലാട്ടികളായിമാത്രം ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ പ്രവർത്തിക്കുന്നത് ജനാധിപത്യത്തിനാകെ നാണക്കേടാണ് എന്നു പറഞ്ഞാൽ മതിയല്ലോ.

---- എ . കെ . അനിൽകുമാർ

നെയ്യാറ്റിൻകര