കൊച്ചി: ബ്രാൻഡുകളുടെ വളർച്ചയിൽ ഉപഭോക്തൃ വിശ്വാസമാണ് ഏറ്റവും നിർണായകമെന്ന് ഫേസ്ബുക്കിന്റെ ഗ്ളോബൽ ബിസിനസ് മാർക്കറ്രിംഗ് വൈസ് പ്രസിഡന്റും ചീഫ് ക്രിയേറ്രീവ് ഓഫീസറുമായ മാർക്ക് ഡാർസി പറഞ്ഞു. കൊച്ചി ബോൾഗാട്ടിയിലെ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന 44-ാമത് ഐ.എ.എ. വേൾഡ് കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാണ് ഉപഭോക്താവെന്നും ആവശ്യമെന്താണെന്നും തിരിച്ചറിഞ്ഞില്ലെങ്കിൽ ബ്രാൻഡ് പിന്തള്ളപ്പെടും. മാറ്റങ്ങളോട് അതിവേഗം ഉപഭോക്താവ് പൊരുത്തപ്പെടും. ബ്രാൻഡും അതിനനുസരിച്ച് മുന്നേറണം.
സ്വകാര്യ വിവരങ്ങൾ സംരക്ഷിച്ച് ഉപഭോക്താക്കളെ തമ്മിൽ 'കണക്‌ട്" ചെയ്യാൻ കഴിയുകയെന്നതും വളർച്ചയിൽ പ്രധാനമാണ്. വീഡിയോകൾ അതിന് ഉദാഹരണമാണ്. ലോക ജനതയെ തമ്മിൽ ബന്ധിപ്പിക്കാൻ വീഡിയോയ്ക്ക് കഴിയും. ഫേസ്‌ബുക്കിലും അതാണ് സംഭവിക്കുന്നത്. 60 ലക്ഷം കമ്പനികൾ ബ്രാൻഡ് പ്രമോഷനുവേണ്ടി ഫേസ്ബുക്ക് ഉപയോഗിക്കുന്നു. വീഡിയോയിലെ ആദ്യ മൂന്ന് സെക്കൻഡാണ് ഉപഭോക്താവിന്റെ ശ്രദ്ധ നേടുന്ന പ്രധാന ഘടകം.
ടെക്‌നോളജി എങ്ങനെ മുന്നേറണമെന്ന് തീരുമാനിക്കുന്നത് ഉപഭോക്താവാണ്. ആ മാറ്റം സാദ്ധ്യമാക്കുകയാണ് ബ്രാൻഡുകളുടെയും മീഡിയയുടെയും ജോലി. ഓഗ്‌മെന്റഡ് റിയാലിറ്രി (എ.ആർ) ഉപഭോക്താക്കൾക്ക് നൽകുന്നത് മികച്ച അനുഭവം ഉദാഹരണമാണ്. മാറ്റങ്ങളിലാണ് ഫേസ്‌ബുക്കിന്റെയും ശ്രദ്ധ. നിക്ഷേപങ്ങളും പുതിയ കണ്ടെത്തലുകളും വളർച്ചയുടെ വേഗം കൂട്ടും. അമേരിക്കയ്ക്ക് പിന്നിലായി ഫേസ്‌ബുക്കിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ.
വില കുത്തനെ കുറഞ്ഞതിനാൽ ഇന്ത്യയിലെ ഡാറ്റ ഉപഭോഗത്തിൽ രണ്ടുവർഷത്തിനിടെ പത്തിരട്ടി വളർച്ചയാണ് വിലയിരുത്തുന്നത്. അമേരിക്കയെ പിന്തള്ളി വൈകാതെ ഒന്നാംസ്ഥാനം ഇന്ത്യ നേടും. അമേരിക്കയിൽ ബ്രാൻഡിംഗും പരസ്യങ്ങളും ഡിജിറ്റൽ പാതയിൽ മുന്നേറുകയാണ്. ഇപ്പോൾ മൊത്തം പരസ്യചെലവിൽ 54 ശതമാനം വിഹിതവും ഡിജിറ്റൽ വിഭാഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വിജയരഹസ്യം'എ.ഐ.പി.എൽ':ആലിബാബ
ഡിജിറ്റൽ വളർച്ചയുടെ മികവുകൾ മുതലെടുത്ത് ബ്രാൻഡിനെ ഉപഭോക്താവുമായി അടുപ്പിച്ചതാണ് ആലിബാബയുടെ വിജയരഹസ്യമെന്ന് ലോകത്തെ ഏറ്രവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനവും ചൈനീസ് കമ്പനിയുമായ ആലിബാബയുടെ ചീഫ് മാർക്കറ്രിംഗ് ഓഫീസർ ക്രിസ് ടംഗ് പറഞ്ഞു. ഭാവി വളർച്ച മുന്നിൽക്കണ്ടുള്ള വികസനപാതയാണ് ആലിബാബ തയ്യാറാക്കിയത്.
ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പ്രയോജനപ്പെടുത്തി, അവയർനെസ്, ഇന്ററസ്‌റ്ര്, പർച്ചേസ്, ലോയൽറ്റി (എ.ഐ.പി.എൽ) എന്ന ആശയം നടപ്പാക്കി. ഉപഭോക്താവിനെ കൃത്യമായി തിരിച്ചറിഞ്ഞ് ബ്രാൻഡ് പ്രമോഷനും വിതരണവും ഇതുവഴി സാദ്ധ്യമാക്കി. കഴിഞ്ഞ നവംബറിൽ 'സിംഗിംൾസ് ഡേ" വില്‌പനയിലൂടെ ഒറ്റദിവസം കൊണ്ട് 3,100 കോടി ഡോളറിന്റെ റെക്കാഡ് വില്‌പന നടത്താൻ ആലിബാബയ്ക്ക് കഴിഞ്ഞത് ഇതിലൂടെയാണ്.
ഉപഭോക്താവുമായുള്ള ഡിജിറ്റൽ കമ്മ്യൂണിക്കേഷനുകളിലൂടെ ആവശ്യങ്ങൾ തിരച്ചറിഞ്ഞതോടെ, പുതിയ ഉത്‌പന്നങ്ങളുടെ അവതരണ കാലാവധി 18 മാസത്തിൽ നിന്ന് ഒമ്പതുമാസമാക്കിയത് വില്‌പന വളർച്ച കൂട്ടി. ഉത്‌പന്നങ്ങളെ 15 വിഭാഗങ്ങളായി തിരിച്ചു. ഡിമാൻഡേറിയ ഉത്‌പന്നങ്ങൾ കൂടുതലായി അവതരിപ്പിച്ചു. എരിവുള്ള 'സ്‌നിക്കേഴ്‌സ്" വിപണിയിലെത്തിച്ചതും ഉപഭോക്തൃ താത്പര്യം തിരിച്ചറിഞ്ഞാണ്. ചൈനയിൽ ഇത് വലിയ ഹിറ്രായെന്നും അദ്ദേഹം പറഞ്ഞു.
പരസ്യങ്ങളിൽ ലിംഗസമത്വം വേണം: മാർക്ക് പ്രിച്ചാർഡ്
പരസ്യ ചിത്രങ്ങളിലെ 29 ശതമാനവും സ്‌ത്രീകളെ താഴ്‌ത്തിക്കെട്ടുന്നവയാണെന്ന് പ്രോക്‌ടർ ആൻഡ് ഗാംബിൾ ചീഫ് ബ്രാൻഡ് ഓഫീസർ മാർക്ക് പ്രിച്ചാർഡ് പറഞ്ഞു. ചില പ്രത്യേക ഉത്‌പന്നങ്ങളുടെ കാമ്പയിനുകളിൽ സ്‌ത്രീകൾ എപ്പോഴും നെഗറ്റീവ് വത്കരിക്കപ്പെടുന്നത് കാലങ്ങളായുള്ള കാഴ്‌ചയാണ്. ലിംഗസമത്വവും സമൂഹനന്മയും ഉയർത്തുന്ന ബ്രാൻഡുകൾക്കാണ് ഭാവിയിൽ മുന്നേറാനാകുക. പല ബ്രാൻഡുകളും മാറിചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.
'ഷെയർ ദ ലോഡ്" എന്ന കാമ്പയിനുമായി ഇന്ത്യൻ ഉത്‌പന്നമായ ഏരിയൽ, ലിംഗസമത്വം ഉറപ്പാക്കുന്ന ട്രെൻഡിന് തുടക്കമിട്ടത് നല്ല മാറ്റമാണ്. തുണി അലക്കുന്നത് സ്‌ത്രീകളുടെ മാത്രം ജോലിയാണോ എന്ന ചോദ്യമാണ് ആ കാമ്പയിൻ ഉയർത്തുന്നത്. നന്മയും വികസനവും ഉറപ്പാക്കുന്ന ശക്തിയായി ബ്രാൻഡ് മാറണം. ഉപഭോക്താവിന്റെ ചിന്തയും ജീവിതവും മെച്ചപ്പെടുത്തിയ ബ്രാൻഡുകൾ മറ്റുള്ളവയേക്കാൾ 120 ശതമാനം വരെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹം വളർന്നില്ലെങ്കിൽ ബ്രാൻഡും തളരും: പോൾ പോൾമൻ
ദരിദ്രരും ധനികരും തമ്മിലെ അന്തരം രൂക്ഷമായി തുടരുന്നത് ബ്രാൻഡുകളുടെ വളർച്ചയെയും നിലനിൽപ്പിനെയും ബാധിക്കുന്നുണ്ടെന്ന് ഇന്റർനാഷണൽ ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് പോൾ പോൾമൻ പറഞ്ഞു. ലോകസമ്പത്തിന്റെ മുന്തിയപങ്കും രണ്ടു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈവശമാണ്. മാർക്കറ്രിംഗ് ലോകം ചുറ്രിക്കറങ്ങുന്നതും ഇവരുടെ പിന്നാലെയാണ്. ബാക്കിവരുന്ന 98 ശതമാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നില്ല. ലോകത്തെ 69 ശതമാനം ഉപഭോക്താക്കളും പരസ്യം വിശ്വസിച്ചല്ല ഉത്‌പന്നങ്ങൾ വാങ്ങുന്നത്.
ഇന്ത്യയിൽ 70 ശതമാനം പേരുടെയും ജീവിതം ദിവസം രണ്ടുഡോളറിൽ താഴെയുള്ള സമ്പാദ്യത്തിലാണ്. സമൂഹത്തിന് ഉയർച്ചയില്ലെങ്കിൽ ബ്രാൻഡിനും വളരാനാവില്ല. ലിസ്‌റ്റഡ് കമ്പനികളുടെ ആയുസ് വർഷങ്ങൾക്ക് മുമ്പുവരെ ശരാശരി 67 വർഷമായിരുന്നത് ഇപ്പോൾ 17 വർഷമായി കുറഞ്ഞു. സമൂഹത്തിന്റെ ആവശ്യം നിറവേറ്റാനാവാത്തതാണ് വീഴ്‌ചയുടെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇൻസ്‌പയർ ചാമ്പ്യൻ അവാർഡ് രാജ് നായക്കിന്
പരസ്യ മേഖലയിലെ മികവിന് ഐ.എ.എ ഏർപ്പെടുത്തിയ ഇൻസ്‌പയർ ചാമ്പ്യൻ പുരസ്‌കാരം ഇന്ത്യയിൽ നിന്നുള്ള രാജ് നായക് സ്വന്തമാക്കി. ലൈഫ് മെമ്പർ പുരസ്‌കാരം ശ്രീലങ്കയിൽ നിന്നുള്ള റെനിൽ ഡി'സിൽവ നേടി. ഐ.എ.എ ഗോൾഡൻ കോമ്പസ് പുരസ്‌കാരങ്ങൾ മാർക്ക് പ്രിച്ചാർഡ്, ആൻഡ്രൂ റോബർട്‌സൺ എന്നിവർ കരസ്ഥമാക്കി.
താരത്തിളക്കത്തോടെ ഇന്ന് സമാപനം
ഐ.എ.എയുടെ 80 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരിന്ത്യൻ നഗരം ആതിഥ്യം വഹിച്ച വേൾഡ് കോൺഗ്രസിന് ഇന്ന് സമാപിക്കുമ്പോൾ ഓർത്തിരിക്കാൻ ഒട്ടേറെ പ്രത്യേകതകളുമുണ്ടാകും. കൊച്ചി ആതിഥ്യം വഹിക്കുന്ന ഐ.എ.എയുടെ 44-ാമത് വേൾഡ് കോൺഗ്രസിന്റെ സമാപന ദിനമായ ഇന്ന് ഏവരും കാത്തിരിക്കുന്ന വിശിഷ്ടാതിഥി ലോകശ്രദ്ധ നേടിയ ഹ്യൂമനോയിഡ് സോഫിയയാണ്.
എ.ഐ സാങ്കേതികവിദ്യയിലൂടെ നിർമ്മിച്ച റോബോട്ടായ സോഫിയയ്ക്ക് സൗദി അറേബ്യയുടെ പൗരത്വമുണ്ട്. ഏതെങ്കിലും രാജ്യം പൗരത്വം നൽകുന്ന ആദ്യ റോബോട്ടാണ് സോഫിയ. റോബോട്ടും മനുഷ്യരും എന്ന വിഷയത്തിൽ ഇന്ന് സോഫിയയുടെ പ്രഭാഷണമുണ്ട്. ടെന്നിസ് ഇതിഹാസം ആന്ദ്രെ അഗാസി, ബോളിവുഡ് താരം ദീപിക പദുകോൺ എന്നിവരും ഇന്ന് അതിഥികളായെത്തും.