ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിനിന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഷൂട്ടിംഗ് തിരക്കിലായിരുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഭീകരാക്രമണത്തെക്കുറിച്ച് അറിയുമ്പോൾ ജിം കോർബറ്റ് നാഷണൽ പാർക്കിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടിംഗിൽ ആയിരുന്നു മോദി. വിവരം അറിഞ്ഞ് നാല് മണിക്കൂറിന് ശേഷവും ഷൂട്ടിംഗ് തുടർന്നു. മോദി കപടദേശീയ വാദിയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല കുറ്റപ്പെടുത്തി. ഷൂട്ടിംഗ് കഴിഞ്ഞിറങ്ങിയവർ തനിക്ക് ജയ് വിളിച്ചപ്പോൾ അവരെ മോദി അഭിവാദ്യം ചെയ്തുവെന്നും കോൺഗ്രസ് വക്താവ് ആരോപിച്ചു.
ജവാന്മാരെ അപമാനിക്കുകയാണ് മോദി ചെയ്തത്. 3.10-നാണ് ആക്രമണമുണ്ടായത്. ലോകമെമ്പാടും ഇതിന്റെ വാർത്ത പടർന്നു. എന്നാല്‍ വൈകിട്ട് 6.45 വരെ മോദി ചിത്രീകരണവുമായി പാർക്കില്‍ തന്നെ തുടര്‍ന്നു. ഇങ്ങനെയൊരു പ്രധാനമന്ത്രി ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ? രാജ്യത്തെ ഞെട്ടിപ്പിച്ച ആക്രമണം ഉണ്ടായി നാലു മണിക്കൂറോളമാണ് മോദി ചിത്രീകരണം നടത്തിയത്. അദ്ദേഹത്തിന്റെ പെരുമാറ്റം വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല- സുർജെവാല പറഞ്ഞു.
17ന് ജവാന്മാരുടെ ഭൗതികാവശിഷ്ടം ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചപ്പോഴും രാഷ്ട്രീയ പരിപാടികൾ കഴിഞ്ഞ് ഒരു മണിക്കൂർ വൈകിയാണു മോദി എത്തിയതെന്നും കോൺഗ്രസ് ആരോപിച്ചു. കൊല്ലപ്പെട്ട ജവാന്റെ ദൗതികശരീരത്തിനു മുന്നിൽ നിന്ന് ഒരു കേന്ദ്രമന്ത്രി സെൽഫിയെടുത്തതും മറ്റൊരു നാണക്കേടായെന്ന് അൽഫോൺസ് കണ്ണന്താനത്തെ പരാമർശിച്ച് സുർജെവാല പറഞ്ഞു.
40 ജവാന്മാർ വീരമൃത്യു വരിച്ചിട്ടും മോദിയും കൂട്ടരും സന്തോഷവാനായി തുടരുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. എന്നാൽ ഭീകരാക്രമണത്തെ കോൺഗ്രസ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു