kasargode-

പെരിയ: കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ലോക്‌നാഥ് ബെഹ്റയാണ് ഉത്തരവിട്ടത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ജില്ലാപൊലീസ് മേധാവി എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല ഐ.ജി ശ്രീജിത്തിന് നൽകിയതായാണ് റിപ്പോർട്ടുകൾ. അന്വേഷണ സംഘത്തിലുള്ളവരെ ഐ.ജി തീരുമാനിക്കും. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചുപേരുടെ അറസ്റ്റുകൂടി ഇന്ന് രേഖപ്പെടുത്തി. എച്ചിലടുക്കം സ്വദേശികളായ കെ.എം.സുരേഷ്,​ കെ,​അനിൽകുമാർ,​ കുണ്ടംകുഴി സ്വദേശി അശ്വിൻ,​ കല്യോട്ട് സ്വദേശികളായ ശ്രീരാഗ്,​ ഗിജിൻ എന്നവരെയാണ് ഇന്ന് അറസ്റ്റുചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.