amit-sha

രാജമുന്ദ്രി (ആന്ധ്രാപ്രദേശ്): പുൽവാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. പുൽവാമ ഭീകരാക്രമണത്തെക്കിുറിച്ചറിഞ്ഞ ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി ജിം കോർബെറ്റ് നാഷണൽ പാർക്കിൽ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നുവെന്ന കോൺഗ്രസിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അമിത് ഷാ.

പ്രധാനമന്ത്രിയെ ചോദ്യംചെയ്യാൻ കോൺഗ്രസിന് അവകാശമില്ല. ബി.ജെ.പിയെ കോൺഗ്രസ് ദേശസ്നേഹം പഠിപ്പിക്കേണ്ട. പ്രധാനമന്ത്രിയെ നീക്കാൻ പ്രതിപക്ഷം ഭീകരവാദികളുടെപോലും പിന്തുണതേടിയെന്നും അദ്ദേഹം ആരോപിച്ചു. 2016ലെ മിന്നലാക്രമണത്തിൽ സംശയം പ്രകടിപ്പിച്ചവരാണ് കോൺഗ്രസ്.

കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു പാക് കരസേനാ മേധാവിയെ ആലിംഗനംചെയ്തു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ജെ.എൻ.യുവിലെത്തി ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയവരെ പ്രശംസിച്ചു. കാശ്മീർ പ്രശ്‌നം പരിഹരിക്കപ്പെടാത്തതിന് ഉത്തരവാദി മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണെന്നും അദ്ദേഹം ആരോപിച്ചു. സർദാർ വല്ലഭായി പട്ടേൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭീകരർക്ക് തിരിച്ചടി നൽകുന്നതിനുള്ള സമയവും തീയതിയും തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി സൈന്യത്തിന് സ്വാതന്ത്ര്യം നൽകിക്കഴിഞ്ഞുവെന്നും അമിത് ഷാ അറിയിച്ചു. കോൺഗ്രസിന്റെ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും. ദൗർഭാഗ്യകരമായ സംഭവം നടക്കുമ്പോൾ പ്രധാനമന്ത്രി മറ്റൊരു തിരക്കിലായിരുന്നു. അതിനെ വലിയ വിഷയമാക്കി മാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.