ലക്‌നൗ: കോൺഗ്രസുമായുള്ള സഖ്യസാദ്ധ്യതകൾ അവസാനിപ്പിച്ച് ഉത്തർപ്രദേശിൽ ബി.എസ്.പി-എസ്.പി സഖ്യത്തിന്റെ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമായി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 80 സീറ്റുകളിൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി 38 സീറ്റിലും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി 37 സീറ്റിലും മത്സരിക്കും. ബാക്കിയുള്ള അഞ്ച് സീറ്റുകളിൽ മൂന്നെണ്ണം അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളിനാണ്. അതേസമയം ബി.എസ്.പിയുമായുള്ള സഖ്യത്തെയും സീറ്റ് വിഭജനത്തെയും രൂക്ഷമായി വിർശിച്ച് സമാജ്‌വാദി നേതാവും അഖിലേഷിന്റെ പിതാവുമായ മുലായം സിംഗ് യാദവ് രംഗത്തെത്തി. ഇത്തരത്തിലുള്ള സഖ്യങ്ങൾ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാദ്ധ്യതകളെ ദുബലപ്പെടുത്തുമെന്നും മുലായം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പുർ എന്നിവിടങ്ങളിൽ സമാജ്‌വാദി പാർട്ടിയാണ് മത്സരിക്കുക. ലക്നൗ, കാൻപുർ, അലഹബാദ്, ഝാൻസി തുടങ്ങിയ മണ്ഡലങ്ങളിലും എസ്.പി മത്സരിക്കും. മീററ്റ്, ആഗ്ര, നോയിഡ, അലിഗഡ്, സഹാറൻപുർ എന്നിവിടങ്ങളിൽ ബി.എസ്.പി ജനവിധി തേടും. കോൺഗ്രസ് 80 സീറ്റിലും മത്സരിക്കുമെന്നു രാഹുൽഗാന്ധി നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവോടെ എസ്.പിയും ബി.എസ്.പിയുമായി വീണ്ടും സഖ്യസാദ്ധ്യതകൾ ഉയർന്നിരുന്നു. എന്നാൽ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തിലെ അതൃപ്തിയാണ് മായാവതിയെ സഖ്യത്തിൽ നിന്നു പിന്നോട്ട് വലിക്കുന്നതെന്നാണ് സൂചന. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മത്സരിക്കുന്ന അമേത്തിയും സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലവും ഒഴിച്ചിടും. കോൺഗ്രസ് 80 സീറ്റിലും ഒറ്റയ്ക്ക് ജനവിധി തേടും.
സ്വന്തം പാർട്ടിയിലുള്ളവർ തന്നെ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഒറ്റയ്ക്കാണ് ഞാൻ ഉത്തർപ്രദേശിൽ മൂന്ന് തവണ സർക്കാരുണ്ടാക്കിയതും കേന്ദ്രത്തിൽ പ്രതിരോധ മന്ത്രിയായതും. -മുലായം സിംഗ് യാദവ്