ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന മൂന്നു നദികൾ യമുനാനദിയിലേക്ക് ഗതിതിരിച്ചുവിട്ട് പാകിസ്താന്റെ വെള്ളം കുടി മുട്ടിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് ശക്തമായ മുന്നറിയിപ്പു നൽകുകയായിരുന്നു ഗഡ്കരി. മൂന്നു നദികളെയും ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നതായും ആ പദ്ധതിക്ക് ശേഷം നദികളുടെ ഗതി തിരിച്ചുവിടുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് പഠിക്കുമെന്നും ഗഡ്കരി അറിയിച്ചു.
'' നമുക്ക് അവകാശപ്പെട്ട ജലമാണ് പാകിസ്താനിലേക്ക് ഒഴുകിപ്പോകുന്നത്. മൂന്നു നദികളിലേയും ജലം യമുനയിലേക്ക് ഗതിതിരിച്ചുവിടുന്ന ഒരു പദ്ധതിയെക്കുറിച്ച് ആലോചനയുണ്ട്. ഇതോടെ യമുനയിൽ ആവശ്യത്തിനുള്ള ജലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ബാഗ്പട്ടിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗഡ്കരി.