റിലീസിനു മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ ഡിസ്‌ലൈക്കുകൾ ഏറ്റുവാങ്ങിയ ചിത്രമാണ് അഡാർ ലൗവ്. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ പ്രിയവാര്യരുടെ കണ്ണിറുക്കലിന് ശേഷം അഡാർ ലൗവിലെ പിന്നീടെത്തിയ ഗാനങ്ങൾക്കും ടീസറുകൾക്കുമെല്ലാം ഡിസ്‌ലൈക്കുകളുടെ മേളമായിരുന്നു. ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനത്തിനായിരുന്നു ഏറ്റവും ഒടുവിൽ ഡിസ്‌ലൈക്ക ലഭിച്ചത് .എന്നാൽ ഇപ്പോൾ എത്തിയ ഗാനത്തിന് ആരും ഡിസ്‌ലൈക്ക് അടിക്കില്ല. കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയ മാഷ്അപ്പ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയ മാഷ്അപ്പ് ആണ് ഒരു അഡാർ ലൗവിൽ നിന്ന് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഗാനം. ഷാൻ റഹ്മാൻ ആണ് കലാഭവൻ മണിയുടെ പ്രിയപ്പെട്ട ഗാനങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നത്. ഓടേണ്ട ഓടേണ്ടയിൽ തുടങ്ങി മിന്നാമിനുങ്ങേ മിന്നും മിനുങ്ങെ എന്ന ഗാനത്തിലാണ് മാഷ്അപ്പ് അവസാനിക്കുന്നത്.
മികച്ച പ്രതികരണമാണ് ഈ മാഷ്അപ്പിനു ലഭിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗിൽ നാലാം സ്ഥാനത്തുണ്ട് ഗാനം. ഇതുവരെ മൂന്നരലക്ഷേത്തോളം പേർ ഗാനം കണ്ടുകഴിഞ്ഞു.
ഫെബ്രുവരി പതിന്നാലിനാണ് ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പ്രിയ പ്രകാശ് വാര്യർ, റോഷൻ, നൂറിൻ ഷെരീഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സിനെതിരെ വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്ന് പുതിയ ക്ലൈമാക്സുമായി ചിത്രമെത്തി.