തൃശൂർ: ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയയ്ക്കുന്ന ചലഞ്ചുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. കാസർകോട് പെരിയയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകർക്ക് 'നട്ടെല്ലിനുപകരം വാഴപ്പിണ്ടി' യുമായി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ചതിനാണ് മുഖ്യമന്ത്രിക്കും വാഴപ്പിണ്ടി കയറ്റി അയയ്ക്കാൻ യൂത്ത് കൺഗ്രസ് തീരുമാനം.
ഇരട്ടക്കൊലയിൽ സാംസ്‌കാരിക നായകരുടെ മൗനം നട്ടെല്ലില്ലായ്മയാണെന്ന് ആക്ഷേപിച്ച് സാഹിത്യ അക്കാഡമി ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ വാഴപ്പിണ്ടിയുമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നട്ടെല്ല് നഷ്ടപ്പെട്ട സ്ഥാനത്ത് വാഴപ്പിണ്ടി ഘടിപ്പിക്കണമെന്ന മുദ്രാവാക്യവും മുഴക്കിയിരുന്നു. അക്കാഡമിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനത്തിന് മുന്നിൽ വാഴപ്പിണ്ടി കെട്ടിവയ്ക്കുകയും ചെയ്തു.
പെരിയ ഇരട്ട കൊലപാതകത്തിൽ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ആകെ ഉണ്ടായിരുന്നത് മൂന്നേ മൂന്ന് വാചകങ്ങളാണ്; നിഷ്ഠൂരമായ ആ കൊലപാതകങ്ങൾ മുഖ്യമന്ത്രിക്ക് ഹീനം പോലുമായിരുന്നില്ല, 'ദൗർഭാഗ്യകരം' മാത്രമായിരുന്നു. എന്നാൽ ഇരട്ടക്കൊലയില്‍ മൗനം പാലിച്ച സാംസ്‌കാരിക മൂപ്പന്മാരുടെ രാഷ്ട്രീയ വിധേയത്വവും നട്ടെല്ലില്ലായ്മയും തുറന്നു കാട്ടി, തൃശൂരിലെ സാഹിത്യ അക്കാദമി മുറ്റത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴപ്പിണ്ടിയുമായി നടത്തിയ പ്രതിഷേധ പ്രകടനത്തെ വിമർശിച്ച് മുഖ്യമന്ത്രി എഫ്.ബിയിലിട്ട പോസ്റ്റിൽ അഞ്ച് വാചകങ്ങൾ ഉണ്ടായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയയ്ക്കുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് :-
കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികൾ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്ന് കൽപ്പിക്കാൻ ആർക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭർത്സിക്കുന്ന നടപടികൾ കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങൾ അനുവദിക്കുന്ന പ്രശ്‌നവുമില്ല.
ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയയ്ക്കാനുള്ള കാരണം വിശദീകരിച്ച് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കായി തയ്യാറാക്കിയതും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ തന്റെ ഫേസ്ബുക്ക് പേജിൽ ഷെയര്‍ ചെയ്തതുമായ കുറിപ്പ് :-
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,
തെറ്റ് സമ്മതിക്കുന്നു. ഞങ്ങൾക്ക് തെറ്റ് പറ്റി. ആ വാഴപ്പിണ്ടികളുമായി ഞങ്ങൾ ആദ്യം പോവേണ്ടിയിരുന്നത് സാഹിത്യ അക്കാദമിയിലേക്കായിരുന്നില്ല, ക്ലിഫ് ഹൗസിലേക്കായിരുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ല, വാഴനാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ താങ്കൾ ഇത്ര അപഹാസ്യമായൊരു പ്രസ്താവനയിറക്കി പരിഹാസ്യനാകുമായിരുന്നില്ല. ഏതായാലും കാസർകോട് സി പി എം നേതാക്കളും പ്രവർത്തകരും ഗൂഢാലോചന നടത്തി രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ എഴുത്തുകാർ മൗനം പാലിച്ചെന്നും ആ മൗനം ആർക്കുവേണ്ടിയായിരുന്നുവെന്നും താങ്കളുടെ ഈ പോസ്റ്റിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണല്ലോ.
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, താങ്കൾക്ക് നട്ടെല്ല് മാത്രമല്ല, ഓർമശക്തിയും കളഞ്ഞു പോയോ? കേരളത്തിലെ എഴുത്തുകാരോട് എന്ത് എഴുതണം, എന്ത് പറയണം എന്നു കല്‍പ്പിച്ചതും, അനുസരിക്കാത്തവരെ തെരുവിൽ കൈകാര്യം ചെയ്തതും ആരാണ്? ഏതു പാർട്ടികളാണ്? സക്കറിയയും സി വി ബാലകൃഷ്ണനും കെ സി ഉമേഷ് ബാബുവും എൻ പ്രഭാകരനും മുതൽ ഉണ്ണി ആർ വരെയുള്ളവരോട് ചോദിച്ചു നോക്ക്.
താങ്കളുടെ ഈ ഉളുപ്പില്ലായ്മയും നട്ടെല്ലില്ലായ്മയും പരിഹരിക്കുന്നത് ഞങ്ങൾ ചലഞ്ച് ആയി ഏറ്റെടുക്കുന്നു. ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയച്ച് കൊണ്ട് വാഴപ്പിണ്ടി ചാലഞ്ച് ഇതാ തുടങ്ങുന്നു.
യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ മുഖ്യമന്ത്രി നിലപാടറിയിച്ചതോടെ വി ടി ബൽറാം എം.എൽ.എ ഉൾപ്പടെ കമന്റുകളുമായും രംഗത്തെത്തിയിട്ടുണ്ട്.