കായംകുളം: പുതുതലമുറ ലഹരി മരുന്നായ മെഥിലീൻ ഡയോക്സി മെഥാഫിറ്റമിനുമായി (എ.ഡി.എം.എ) കായംകുളത്ത് നാലു യുവാക്കളെ രണ്ട് ആഡംബര ബൈക്കുകൾ സഹിതം എക്സൈസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിൽ കമ്പ്യൂട്ടർ ഡിപ്ളോമ വിദ്യാർത്ഥിയായ കൃഷ്ണപുരം പുള്ളിക്കണക്ക് നിഷാദ് മൻസിലിൽ നിഷാദ് (23), കൃഷ്ണപുരം ദേശത്തിനകം പന്തപ്പാവിൽ ലക്ഷം വീട് കോളനിയിൽ മുനീർ (21), കായംകുളം കൊറ്റുകുളങ്ങര നമ്പലശേരി പുത്തൻവീട്ടിൽ സയിർ അബ്ദുള്ള (23), പെരിങ്ങാല കവറാട്ട് തെക്കതിൽ നൗഫൽ (26) എന്നിവരാണ് പിടിയിലായത്. ഒരു ലക്ഷത്തോളം രൂപ വരുന്ന 1.9 ഗ്രാം എം.ഡി.എം.എയും ഒന്നര ലക്ഷം രൂപവീതം വരുന്ന രണ്ട് 220 സി.സി പൾസർ ബൈക്കുകളും പിടിച്ചെടുത്തു. 'എം' എന്ന രഹസ്യ കോഡിൽ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയായിരുന്നു ലഹരി വില്പന.
ഇന്നലെ ഉച്ചയ്ക്കു ശേഷം ഒ.എൻ.കെ ജംഗ്ഷനു സമീപം പ്രതാംഗമൂട് ജംഗ്ഷനിലേക്ക് പോകുന്ന റോഡിലുള്ള പാലത്തിന്റെ അരികിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവിടത്തെ തോടിനോടു ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ ലഹരിമരുന്ന് ഉപയോഗവും വിപണനവും വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സ്ഥലം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ലഹരി മരുന്ന് കടത്താനുപയോഗിക്കുന്ന ബൈക്കിന്റെ നമ്പർ എക്സൈസ് മനസിലാക്കിയതോടെയാണ് പ്രതികൾ കുടുങ്ങിയത്. ജില്ലയിൽ ആദ്യമായാണ് ഈ ഇനത്തിൽപ്പെട്ട മയക്കുമരുന്ന് ഇത്രയും അളവിൽ പിടികൂടുന്നത്. ബംഗളുരുവിൽ നിന്നു കടത്തിക്കൊണ്ടു വന്നതാണെന്നാണ് പ്രാഥമിക വിവരം. ഒരു മില്ലി ഗ്രാമിന് ഏറ്റവും കുറഞ്ഞത് 750 രൂപ മുതൽ വാങ്ങിയാണ് വില്പന.
സാമ്പത്തികമായി മുന്നാക്കം നിൽക്കുവരുടെ ലഹരിമരുന്നാണിത്. 'പാർട്ടി ഡ്രഗ്' എന്നും അറിയപ്പെടും. എക്സ്, മോളി, എക്സ്റ്റസി എന്നീ പേരുകളിലും എം.ഡി.എം.എ അറിയപ്പെടും. ഗുളിക രൂപത്തിൽ പലനിറങ്ങളിൽ കാണപ്പെടും. കാപ്സ്യൂൾ, ക്രിസ്റ്റൽ, പൊടിരൂപങ്ങളിലും ലഭ്യമാണ്. എം.ഡി.എം.എ ചെറിയ അളവിൽ ഉപയോഗിച്ചാലും ആറ് മണിക്കൂറോളം ലഹരി നിൽക്കും. ഓർമക്കുറവ്, വിഷാദരോഗം, ഉറക്കമില്ലായ്മ, കാഴ്ചശക്തി നഷ്ടമാകൽ, തളർച്ച, ഹൃദ്രോഗം എന്നിവയാണ് പിന്നാലെ എത്തുന്നത്.