സോൾ: ഭീകരവാദവും കാലവസ്ഥാ വ്യതിയാനവുമാണ് ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന്
ദക്ഷിണകൊറിയൻ സന്ദർശനത്തിനായി സോളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ പ്രതിസന്ധികൾ മറികടക്കാൻ മഹാത്മാ ഗാന്ധിയുടെ സന്ദേശങ്ങൾക്ക് സാധിക്കുമെന്നും ഇന്ത്യ-കൊറിയ ബിസിനസ് സിമ്പോസിയത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ത്യ- ദക്ഷിണ കൊറിയ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദ്വിദിന സന്ദർശനത്തിനായി മോദി സോളിലെത്തിയത്. സോളിലെ യൊൻസെയ് സർവകലാശാലയിൽ മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. സോൾ സമാധാന പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങും.
ശാസ്ത്ര- സാങ്കേതിക രംഗത്തെ ഇന്ത്യ-ചൈന സഹകരണം മികച്ചതാണ്. ഈ സന്ദർശനം ദക്ഷിണ കൊറിയയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം വിശാലമാക്കും. രാജ്യം കൂടുതൽ തുറന്ന സാമ്പത്തിക വ്യവസ്ഥയായി മാറിയിട്ടുണ്ട്. ബിസിനസ് ചെയ്യാൻ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നിലവിൽ 77-ാം സ്ഥാനത്താണ്. ഒരു വർഷത്തിനകം 50-ാം സ്ഥാനത്തെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു.
ദക്ഷിണകൊറിയയിലെ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്തു. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കൊറിയ സംരംഭകത്വത്തിന് പിന്തുണ നൽകാനായി ‘സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച്’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
മോദിക്ക് ബോധി വൃക്ഷം
ദക്ഷിണ കൊറിയയിലെ ഗിംഹെ മേയർ ഹ്യൂ സൂങ് ഗോൺ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബോധിവൃക്ഷ തൈ സമ്മാനിച്ചു. ഇരു രാഷ്ട്രങ്ങളുടെയും സൗഹൃദത്തിന്റെ പ്രതീകമാണിതെന്നും മോദി പറഞ്ഞു .