shivsena-

മുംബയ് : പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാത്തതിൽ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് ശിവസേന. അമേരിക്കയും മറ്റു വിദേശരാജ്യങ്ങളും ഭീകരാക്രമണത്തിനെതിരെ പ്രതികരിക്കുമ്പോൾ നാം സ്വയം പുകഴ്ത്തിക്കൊണ്ടിരിക്കുകയാണെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിൽ പറയുന്നു,​

പാകിസ്താനെതിരെ വാചകമടിയല്ലാതെ ഒന്നും നടക്കുന്നില്ല. ആദ്യം ചെയ്തുകാണിക്കൂ. അതിനുശേഷമാകാം പ്രസംഗം. പത്താൻകോട്ട്,​ ഉറി, പുൽവാമ എന്നിവിടങ്ങളിൽ ഉണ്ടായ ഭീകരാക്രമണങ്ങൾക്ക് ശേഷവും നാം താക്കീതുകൾ മാത്രമാണ് നൽകിയത്. ഭീകരാക്രമണത്തിന് മറുപടി നൽകുന്നതിന് മോദി സർക്കാർ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ല. ഭീകരവാദികൾക്ക് മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കാലംവരെ കാത്തിരിക്കേണ്ടിവരുമോയെന്നും മുഖപ്രസംഗം ചോദിക്കുന്നു.

അമേരിക്കയുടെയോ യൂറോപ്യൻ രാജ്യങ്ങളുടെയോ സഹായത്തിനു വേണ്ടി കാത്തിരിക്കാതെ നാം തന്നെ ആക്രമണം നടത്തണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഈ സോഷ്യൽ മീഡിയാ യുദ്ധം അവസാനിപ്പിക്കണം. തീവ്രവാദി ആക്രമണവും ജവാൻമാരുടെ രക്തസാക്ഷിത്വവും തിരഞ്ഞെടുപ്പ് വിജയത്തിനുള്ള മാർഗമായി ഉപയോഗിക്കാനാണ് ശ്രമം നടക്കുന്നത്. അങ്ങനെയുള്ളവർ എങ്ങനെയാണ് ശത്രുക്കളെ നേരിടുകയെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.

മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്ന ശിവസേന ബി.ജെ.പിയുമായി വീണ്ടും അടുക്കുന്നതായുള്ള സൂചനകൾ പുറത്തുവരുന്നതിനിടയിലാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിമർശനമുയർന്നത്.