ഹേഗ്: കുൽഭൂഷൺ ജാദവ് കേസിൽ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം പൂർത്തിയായി. ഇന്ത്യ വസ്തുതകൾ വളച്ചൊടിക്കുകയാണെന്ന് പാകിസ്ഥാൻ ഇന്നലെ വാദിച്ചു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി അജിത് ഡോവൽ ഇന്ത്യയുടെ 'സ്വതസിദ്ധമായ ചാരനാണെന്നും' പാകിസ്ഥാൻ കോൺസെൽ ഖാവർ ഖുറേഷി അധിക്ഷേപിച്ചു. ഡോവൽ ലണ്ടനിലേക്ക് പോയാൽ ജെയിംസ് ബോണ്ടായി അഭിനയിക്കാൻ ഒരു നടനെ കിട്ടുമെന്നും ഖുറേഷി കളിയാക്കി. നാല് ദിവസം നീണ്ടു നിന്ന വാദങ്ങളിൽ ഇന്ത്യയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷകനായ ഹരീഷ് സാൽവെയാണ് ഹാജരായത്. 48-കാരനായ കുൽഭൂഷൺ ജാദവിനെ ചാരവൃത്തിക്കുറ്റം ആരോപിച്ചാണ് പാക് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്ത്യയുമായി നയതന്ത്ര ബന്ധത്തിനു പോലും അനുമതി നൽകാതെെ ജാദവിനെ രഹസ്യസങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. പാക് പട്ടാള കോടതിയിൽ നടന്ന വിചാരണയ്ക്കൊടുവിൽ 2017ൽ തൂക്കിലേറ്റാൻ വിധിച്ചു. ഇതിനെതിരെയാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ തട്ടിക്കൊണ്ടുപോയതിന് തെളിവുണ്ടെന്നും എന്നാൽ ഇന്ത്യൻ ചാരനായിരുന്നു എന്നതിന് തെളിവില്ലെന്നും ഇന്ത്യ കോടതിയിൽ വ്യക്തമാക്കി. ഈ വർഷം തന്നെ കേസിൽ കോടതി വിധി പ്രഖ്യാപിക്കും.