gulf-news

ഇസ്ലാമബാദ്: രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന് പാകിസ്താൻ നൽകിയത് വ്യത്യസ്തമായ സമ്മാനം. സ്വർണം പൂശിയ യന്ത്രത്തോക്ക് ആയിരുന്നു സൗദി രാജകുമാരന് പാകിസ്താൻ സമ്മാനമായി നൽകിയത്.

ജർമ്മൻ എൻജിനിയർമാർ രൂപകൽപന ചെയ്ത The Heckler & Koch MP5 എന്ന യന്ത്രത്തോക്കിന്റെ പരിഷ്കരിച്ച, സ്വർണം പൂശിയ പതിപ്പാണ് മുഹമ്മദ് ബിൻ സൽമാന് പാകിസ്താൻ നൽകിയത്. പാകിസ്ഥാനി പ്രസിഡന്റ് ആരിഫ് അൽവിയുമായി ഫെബ്രുവരി 18ന് ആയിരുന്നു സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച നടത്തിയത്. കൂടാതെ, രാജകുമാരന് അദ്ദേഹത്തിന്റെ തന്നെ ഒരു പോർട്രയിറ്റും നൽകിയിരുന്നു.

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സന്ദർശനങ്ങളുടെ ഭാഗമായി പാകിസ്താനിൽ എത്തിയ മുഹമ്മദ് ബിൻ സൽമാൻ 20 ബില്യൺ ഡോളറിന്റെ നിക്ഷേപം പാകിസ്താനിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാൻ സന്ദർശനത്തിനു ശേഷം ഇന്ത്യയിൽ എത്തിയ അദ്ദേഹം കഴിഞ്ഞദിവസം രാത്രി ചൈനയിലേക്ക് പോയിരുന്നു.