തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് തലപ്പത്തു വീണ്ടും അഴിച്ചുപണി. ഐ.ജി, ഡി.ഐ.ജി പദവികളിലുള്ളവർക്കാണു മാറ്റം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി കെ.സേതുരാമനെ നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ ഭരണ വിഭാഗം ഡി.ഐ.ജിയായിരുന്നു സേതുരാമൻ. സിറ്റി പൊലീസ് കമ്മീഷണറായ എസ്. സുരേന്ദ്രനെ പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി പദവിയിലേക്കു മാറ്റി. ഏതാനും ആഴ്ച മുമ്പാണ് സുരേന്ദ്രനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചത്.
തൃശൂർ റേഞ്ച് ഐ.ജിയുടെ അധിക ചുമതല കൊച്ചി റേഞ്ച് ഐ.ജിയായ വിജയ് എസ്. സാഖ്‌റെയ്ക്കു നൽകി. തൃശൂർ റേഞ്ചിന്റെ ചുമതലയുണ്ടായിരുന്ന എം.ആർ. അജിത്കുമാറിനെ തൃശൂർ കേരള പൊലീസ് അക്കാഡമി ഡയറക്ടറാക്കി. അശോക്‌യാദവിനു തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുടെ ചുമതല നൽകി. നിലവിൽ ഇന്റലിജൻസ് വിഭാഗത്തിലാണ് അശോക് യാദവ്. തിരുവനന്തപുരം റേഞ്ച് ഐ.ജിയായിരുന്ന മനോജ് ഏബ്രാഹാമിന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി എ.പി ബറ്റാലിയന്റെ ചുമതല നൽകിയിരുന്നു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും തിരുവനന്തപുരം റേഞ്ച് ഐജിയുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയും ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചിരുന്നു.