ജൽപായ്ഗുരി (പശ്ചിമബംഗാൾ) : മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കവേ വനപാതയിൽ വച്ച് അപകടത്തിൽപെട്ട നാലുവയസുകാരിയെ കാട്ടാനക്കൂട്ടത്തിൽ നിന്ന് രക്ഷിച്ചത് അതിലൊരു കാട്ടുകൊമ്പൻ. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. ഗാരുമാര വനത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 31ലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
വനത്തിനുള്ളിലെ ക്ഷേത്രത്തിൽ പൂജ നടത്തിയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബിസിനസുകാരനായ നിതുഘോഷും ഭാര്യ തിത്ലിയും മകൾ അഹാനയും.കാട്ടാനക്കൂട്ടം റോഡ‍് മുറിച്ചുകടക്കുന്നതുകണ്ട നിതു ഘോഷ് സ്കൂട്ടർ നിർത്തി. കാട്ടാനക്കൂട്ടം റോഡ് മുറിച്ച് കടന്നശേഷം ഘോഷ് യാത്ര തുടർന്നെങ്കിലും നേരത്തെ പോയ സംഘത്തിലെ കുറച്ച് ആനകൾ പെട്ടെന്ന് റോഡിലെത്തിയതുകണ്ട് ഘോഷ് ബ്രേക്കിടുകയും മൂന്നുപേരും റോഡിലേക്ക് വീഴുകയുമായിരുന്നു. ഉടനെ സംഘത്തിൽപ്പെട്ട ഒരു കാട്ടുകൊമ്പൻ മുന്നോട്ടുവരികയും അഹാനയെ നാലുകാലിനുള്ളിലാക്കി സംരക്ഷിച്ചുകൊണ്ട് നിൽക്കുകയുമായിരുന്നു. കൂട്ടത്തിലെ മറ്റാനകൾ കടന്നുപോയശേഷമാണ് അവൻ പിന്മാറിയത്. അപകടത്തിൽ പരിക്കേറ്റ അഹാനയും മാതാപിതാക്കളും ആശുപത്രിയിൽ ചികിത്സ തേടി.