pulwama-attack

ഹേഗ്: കാശ്‌മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തി. സുരക്ഷാ സമിതി ഐക്യകണ്‌ഠേനെ പുൽവാമ ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ പിന്തുണച്ചു. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് എടുത്തുപറഞ്ഞുള്ള പ്രമേയമാണ് സുരക്ഷാസമിതി പാസാക്കിയത്.

അന്താരാഷ്ട്രവേദികളിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഐക്യരാഷ്ട്രസഭയുടെ പ്രമേയം. ഫെബ്രുവരി 14 ന് 40 ജമ്മുകാശ്മീരിൽ ഇന്ത്യൻ പാരാമിലിട്ടറി ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഹീനമായ ചാവേർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സുരക്ഷാ സമിതി പ്രമേയത്തിൽ പറയുന്നു. ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും പ്രമേയത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

അന്താരാഷ്ട്ര നിയമങ്ങളും സുരക്ഷാസമിതി തീരുമാനങ്ങളും മാനിച്ച് എല്ലാ രാജ്യങ്ങളും ഇന്ത്യൻ സർക്കാരിനൊപ്പം നിൽക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

അതേസമയം, പ്രമേയത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ പേര് പറയുന്നതിനെ എതിർത്തും കാശ്മീരിനെ ഇന്ത്യൻ അധിനിവേശ കാശ്മീർ എന്ന് രേഖപ്പെടുത്താനുമുള്ള ശ്രമങ്ങളും ചൈനയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായി നിലയുറപ്പിക്കുകയായിരുന്നു.