കാസർകോട് :പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധമില്ലെന്ന് സി.പി.എം ആവർത്തിക്കുന്നതിനിടെ സംഭവത്തിൽ പാർട്ടി പങ്കാളിത്തം വ്യക്തമാക്കി അറസ്റ്റിലായവരുടെ മൊഴി. കേസിൽ ആദ്യം അറസ്റ്റിലാവുകയും പാർട്ടി പുറത്താക്കുകയും ചെയ്ത എ. പീതാംബരൻ ഉൾപ്പെടെ നാലു പേർ കൃത്യത്തിനു ശേഷം ആദ്യമെത്തിയത് ചട്ടഞ്ചാലിലെ സി.പി.എം ഓഫീസിൽ ആണെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. മറ്റ് മൂന്നു പേർ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ തങ്ങിയെന്നും ഇവർ പൊലീസിനോടു പറഞ്ഞു.
നേരം പുലർന്നതിനു ശേഷം ദേശീയപാത ഒഴിവാക്കി പല വഴികളിലൂടെയായി ഇവർ രഹസ്യകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയവരെ സ്ഥലത്തു നിന്ന് മാറ്റാൻ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ സഹായിച്ചെന്നും അറസ്റ്റിലായ പ്രതികൾ വെളിപ്പെടുത്തി. ജില്ലയിൽ പാർട്ടിയുടെ സ്വാധീന മേഖലയിലായിരുന്നു ഒളിത്താവളം.പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നേതാക്കൾ പീതാംബരൻ ഉൾപ്പെടെയുള്ളവരെ സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു എന്നാണ് ഇവരുടെ ഭാഷ്യം.
ചോദ്യംചെയ്യലിൽ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ആലക്കോട് എച്ചിലെടുക്കാം സ്വദേശി സജി ജോർജ് സി.പി.എം അനുഭാവിയാണ്. ഉദുമ എം എൽ എ കെ. കുഞ്ഞിരാമന്റെ വീടിനടുത്തു നിന്ന് കസ്റ്റഡിയിലെടുത്ത സജി ജോർജിന്റെ വാഹനത്തിലാണ് കൊലയാളി സംഘം കൃത്യം നടത്താൻ എത്തിയത്. പീതാംബരന്റെ നിർദ്ദേശമനുസരിച്ചാണ് താൻ വാഹനവുമായി എത്തിയതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
സജി ജോർജ് അറസ്റ്റിലായതിനു പിന്നാലെ ഒരു കാറും ജീപ്പും വാനും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോറൻസിക് പരിശോധനയ്‌ക്കു വിധേയമാക്കിയ കാറിൽ നിന്ന്, ബൈക്കിൽ ഇടിച്ചതിന്റെ അടയാളവും രക്തക്കറയുടെ പാടുകളും കണ്ടെത്തി. അതേസമയം, അറസ്റ്റിലായ പീതാംബരൻ തെളിവെടുപ്പിനിടെ പൊലീസിനു കാണിച്ചുകൊടുത്ത ആയുധങ്ങളിൽ കൊലയ്‌ക്ക് ഉപയോഗിച്ച കൊടുവാൾ ഉണ്ടായിരുന്നില്ല. കല്ല്യോട്ട്, കൊല നടത്തിയ സ്ഥലത്തിനടുത്തുള്ള പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തിയ വാൾ തുരുമ്പിച്ചതാണ്. ഈ വാൾ ഉപയോഗിച്ച് രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്താൻ ആവില്ലെന്നാണ് പൊലീസ് നിഗമനം. കൃത്യത്തിന് ഉപയോഗിച്ച പ്രധാന ആയുധം കണ്ടെടുക്കാൻ ശ്രമം തുടരുകയാണ്.