pinarayi-vijayan

കാസർഗോഡ്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി സന്ദർശിക്കില്ല. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ഡി.സി.സി സഹകരിക്കാത്തതിനാലാണ് സന്ദർശനം ഉപേക്ഷിച്ചതെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ ആരോപിച്ചു.

ഔദ്യോഗിക പരിപാടികളുമായി കാസർഗോഡ് എത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സി.പി.എം ജില്ലാ നേതൃത്വം കാസർഗോഡ് ഡി.സി.സിയുമായി ബന്ധപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യേണ്ടതില്ലെന്ന പ്രതികരണത്തെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചതെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു.

വിദ്യാനഗറിൽ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനത്തിനുശേഷം ഇരുവരുടെയും വീടുകൾ സന്ദർശിക്കാനായിരുന്നു തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇരട്ട കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് യു.ഡി.എഫ് മുഖ്യമന്ത്രിയുടെ പരിപാടികളിൽബഹിഷ്കരിക്കുമെന്നാണ് വിവരം.കൊല്ലപ്പെട്ടവരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം മുഖ്യമന്ത്രി എത്തിയാൽ പ്രതിഷേധമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വീട് സന്ദർശിക്കണമെന്നും കൃപേഷിന്റെ പിതാവ് കൃഷ്ണൻ പറഞ്ഞു. കേരള പൊലീസിന്റെ അന്വേഷണത്തിലും കഴിവിലും തനിക്ക് സംശയമില്ല. എന്നാൽ അന്വേഷണ സംഘത്തെ സ്വതന്ത്രമായി വിടാതെ കൃത്യത്തിൽ പങ്കുള്ള എല്ലാവരെയും പിടികൂടാൻ സാധിക്കില്ലെന്നും കൃഷ്ണൻ വ്യക്തമാക്കി. അതിനാൽ മുഖ്യമന്ത്രി വീട് സന്ദർശിക്കാനെത്തിയാൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.