modi

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഷൂട്ടിംഗ് തിരക്കിലായിരുന്നെന്ന കോൺഗ്രസിന്റെ ആരോപണത്തെ തള്ളി അധികൃതർ രംഗത്തെത്തി. മോശം കാലാവസ്ഥയും സാങ്കേതിക തടസത്തെയും തുടർന്നാണ് പ്രധാനമന്ത്രിയെ വിവരം അറിയിക്കാൻ 25മിനിറ്റോളം വൈകിയതെന്ന് അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി 14ന് പുലർച്ചെ എഴിനാണ് പ്രധാനമന്ത്രി ഡെറാഡൂണിൽ എത്തിയത്. മോശം കാലവസ്ഥയെ തുടർന്ന് നാലുമണിക്കൂർ വൈകിയാണ് അദ്ദേഹത്തിന് ജിംകോർബെറ്റ് പാർക്കിലേക്ക് പോകാനായത്. 11.15 പാർക്കിലെത്തിയ മോദി മൂന്നുമണിക്കൂറോളം വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ചിലവഴിക്കുകയും ചെയ്തു. വൈകിട്ട് 3.10 നാണ് ഭീകരാക്രമണം നടന്നത് എന്നാൽ പ്രധാനമന്ത്രിക്ക് അതേപ്പറ്റി വിവരങ്ങൾ ലഭിച്ചത് 3.35നായിരുന്നു.

വൈകിട്ട് രുദ്രാപുരിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനിരുന്ന പ്രധാനമന്ത്രി സംഭവം അറിഞ്ഞതിന് പിന്നാലെ അത് റദ്ദാക്കുകയും ഉടൻ തന്നെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക് എന്നിവരിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഡൽഹിയിലേക്ക് പുറപ്പെടാൻ തയ്യാറായെങ്കിലും ഹെലികോപ്റ്റർ യാത്രയ്ക്ക് അനുകൂലമായ കാലവസ്ഥ അല്ലാത്തതിനാൽ രാത്രി വൈകിയാണ് അദ്ദേഹത്തിന് ഡൽഹിയിലെത്താൻ സാധിച്ചത്.

ഈ സമയമത്രയും പ്രധാനമന്ത്രി ജലപാനം പോലും നടത്തിയിട്ടില്ലെന്നും വിവരങ്ങൾ അറിയിക്കാൻ വൈകിയതിൽ മോദി ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടുവെന്നും അധികൃതർ വ്യക്തമാക്കി.കാലാവസ്ഥ മോശമായതിനെ തുടർന്ന് അദ്ദേഹം റോഡ് മാർഗം ഉത്തർപ്രദേശിലെ ബറൈലിയിലെത്തുകയും അവിടെ നിന്നാണ് ഡൽഹിയിലേക്ക് തിരിച്ചതെന്നും അധികൃതർ പറയുന്നു.

ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിയിരിക്കുമ്പോൾ പ്രധാനമന്ത്രി വീഡിയോ ചിത്രീകരണത്തിലായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് കാര്യങ്ങൾ വ്യക്തമാക്കി അധികൃതർ രംഗത്തെത്തിയത്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളി രംഗത്തെത്തി. ലോകം മുഴുവൻ ഇന്ത്യയുടെ കൂടെ നിൽക്കാൻ തയ്യാറാകുമ്പോൾ കോൺഗ്രസിന്റെ തനിനിറം പുറത്തായെന്ന് അദ്ദഹം ആരോപിച്ചു. ഭീകരാക്രമണത്തെപ്പറ്റി കോൺഗ്രസിന് മുൻകൂട്ടി അറിയാമായായിരുന്നോ എന്നും രവിശങ്കർ പ്രസാദ് ചോദിച്ചു. അതേസമയം ഭീകരാക്രമണത്തേപ്പറ്റി പ്രധാനമന്ത്രിക്ക് വിവരങ്ങൾ നൽകാൻ വൈകിയതിൽ അജിത് ഡോവൽ ബന്ധപ്പെട്ടവരോട് വിശദീകരണം തേടിയിട്ടുണ്ട്.