harthal

കൊച്ചി: കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച മിന്നൽ ഹർത്താലിന്റെ നാശനഷ്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. കാസർഗോഡ് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത് യു.ഡി.എഫാണ് എന്ന കാര്യം പരിഗണിച്ച് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസർകോട് യു.ഡി.എഫ് ചെയർമാൻ എം.സി.കമറൂദീൻ, കൺവീനർ ഗോവിന്ദൻ നായർ എന്നിവരിൽ നിന്നും ഈടാക്കണമെന്നും കോടതി നിർദേശിച്ചു. നഷ്ടം ഈടാക്കുന്നത് കൂടാതെ ഹർത്താൽ ആഹ്വാനം ചെയ്തത് കണക്കിലെടുത്ത് പ്രേരണക്കുറ്റം ചുമത്തിയും ഡീൻ കുര്യാക്കോസിനേയും യു.ഡി.എഫ് കാസർകോട് ഭാരവാഹികളേയും പ്രതിയാക്കി കേസെടുക്കണം എന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

അതേസമയം, യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിൽ സംസ്ഥാന വ്യാപകമായി അക്രമം ഉണ്ടായെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഹർത്താൽ ആഹ്വാനം ചെയ്തതിന്റെ ഉത്തരവാദിത്തം ഇതുവരെ ഡീൻ കുര്യാക്കോസ് അടക്കമുള്ള നേതാക്കൾ നിഷേധിച്ചില്ല. കെ.എസ്.ആർ.ടി.സിക്ക് മാത്രം 1.10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നും സർക്കാർ കോടതിയെ അറിയിച്ചു. നഷടം കണക്കാക്കുന്നതിനായി പ്രത്യേക കമ്മിഷനെ നിയോഗിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ആയിരുന്നു ഹൈക്കോടതി രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചത്. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും നിർദേശം നൽകിയത്.

മിന്നൽ ഹർത്താലുകൾ എങ്ങനെ നടത്താനാകുമെന്ന ചോദ്യം ഉന്നയിച്ച കോടതി, നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അറിയിച്ചിരുന്നു. അതേസമയം നിയമപരമായി തന്നെ നേരിടുമെന്നാണ് ഡീൻ കുര്യാക്കോസ് വിഷയത്തിൽ പ്രതികരിച്ചിരുന്നു.