പത്തനംതിട്ട: പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാ കമ്മിറ്റിയംഗം എന്നീ ചുമതലകളിൽ നിന്ന് ഒഴിവാക്കുമെന്ന് സൂചന. ഇതോടൊപ്പം ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിന് കത്ത് എഴുതി വാങ്ങും. ഇക്കാര്യങ്ങൾ പാർട്ടി പത്തനംതിട്ട ജില്ലാ ഘടകത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയെന്ന് ഒരു ജില്ലാ സെക്രട്ടേറിയറ്റംഗം 'ഫ്ളാഷി'നോട് വെളിപ്പെടുത്തി.
ശബരിമല വിഷയത്തിൽ സർക്കാരിനെയും പാർട്ടിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ പത്മകുമാർ ഒറ്റുകാരനാണെന്ന് ശബരിമല വിഷയത്തിനുശേഷം നടന്ന ഒരു ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു എന്ന വിവരവും പുറത്തുവന്നു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പത്മകുമാറിന്റെ നിലപാടുകളെ വിമർശിച്ചിരുന്നു. പാർട്ടി ജില്ലാ ഘടകത്തിലും പത്മകുമാറിനെതിരെ നടപടി ഉണ്ടാകണമെന്ന് ആവശ്യം ഉയർന്നു.
വിമർശന വിധേയനായശേഷം പാർട്ടിയുമായി പത്മകുമാർ അകലം പാലിക്കുകയാണ്. ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പോലും അദ്ദേഹം പങ്കെടുക്കാറില്ല. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് പാർട്ടി പത്മകുമാറിനെ ഒഴിവാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. മറ്രെല്ലാ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും തിരഞ്ഞെടുപ്പ് ചുമതലകൾ നൽകിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരള സംരക്ഷണ യാത്ര പത്തനംതിട്ട ജില്ലയിൽ പര്യടനം നടത്തിയിരുന്നു. ഈ യാത്രയിൽ പത്മകുമാർ പങ്കെടുത്തിരുന്നില്ല. ഇത് പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയായിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കാൻ പത്തനംതിട്ടയിലുണ്ടായിരുന്ന പത്മകുമാർ തയ്യാറായതുമില്ല. പത്മകുമാർ സ്വീകരണ വേദികൾക്ക് പുറത്തുവച്ച് കോടിയേരിയെ കണ്ടിട്ടുണ്ടാകുമെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ, താൻ കോടിയേരിയെ കണ്ടിട്ടില്ലെന്ന് പത്മകുമാർ 'ഫ്ളാഷി'നോട് പറഞ്ഞു.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്ന ശേഷം തന്റെ വീട്ടിൽ നിന്ന് ഒരു യുവതിയും ശബരിമലയിൽ പോകില്ലെന്ന് പത്മകുമാർ പ്രഖ്യാപിച്ചത് പാർട്ടിയെയും സർക്കാരിനെയും ഒരുപോലെ വെട്ടിലാക്കിയിരുന്നു. മുഖ്യമന്ത്രി അദ്ദേഹത്തെ പരസ്യമായി വിമർശിക്കുകയും ചെയ്തു.
കോടതി പുനഃപരിശോധനാ ഹർജി പരിഗണിക്കവെ, വിധി നടപ്പാക്കുമെന്ന സർക്കാർ നിലപാടിനെ ദേവസ്വം ബോർഡ് അഭിഭാഷകൻ പിന്തുണച്ചതിനെ പത്മകുമാർ വിമർശിച്ചിരുന്നു. ഇതും പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കി. കോടതിയിലെ മലക്കംമറിച്ചിലിനെ തുടർന്നുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പരിപാടികളിൽ നിന്ന് പത്മകുമാർ വിട്ടുനിൽക്കുകയായിരുന്നു. അതിനിടെയാണ് പത്മകുമാറിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് പടയൊരുക്കം തുടങ്ങിയത്.