കാസർകോട്: കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം ഹീനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീണ്ടുവിചാരമില്ലാത്തവർ നടത്തിയ പ്രവർത്തനമാണിത്. ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും അപകീർത്തിപ്പെടുത്തിയ രണ്ട് കൊലപാതകങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കാസർകോട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ ഒരു കാര്യം ഏറ്റെടുക്കേണ്ട ചുമതല പാർട്ടിക്കില്ല. ഇതിനെ തുടർന്നാണ് കൊലപാതകം നടന്നതിന് പിന്നാലെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അതിനെ തള്ളിപ്പറഞ്ഞത്. ഇത്തരം ആളുകൾക്ക് പാർട്ടിയുടെ ഒരു പരിരക്ഷയും ലഭിക്കില്ല. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പൊലീസുകാർക്ക് ഇതിന് വേണ്ട കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊലപാതകത്തിന് ശേഷം നാട്ടിൽ മറ്റനേകം കാര്യങ്ങൾ നടന്നിട്ടുണ്ട്. കോൺഗ്രസിന്റെ ക്രമിനലുകൾ നാട്ടിൽ അഴിഞ്ഞാടിയിട്ടുണ്ട്. അതിനെയൊന്നും ആരും തള്ളിപ്പറഞ്ഞിട്ടില്ല. ഇത്തരം സംഭവങ്ങളെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരെ പ്രാത്സാഹിപ്പിച്ചാലും സംരക്ഷിച്ചാലും അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കാരണം നിയമം നിയമത്തിന്റെ വഴിക്കുപോകും. അതിന് യാതൊരുവിധത്തിലുള്ള പക്ഷഭേദവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് സി.പി.എം ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്ന സമയമാണിത്. സി.പി.എമ്മിന് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. സി.പി.എമ്മിനെതിരെ കടുത്ത രീതിയിൽ ആക്രമണം അഴിച്ചവിട്ടത് കോൺഗ്രസാണെന്നും ഇടതുപക്ഷം ശക്തി പ്രാപിക്കുന്നത് പിന്തിരിപ്പൻ ശക്തികൾ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.