ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കാൻ പാക് സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അടിയന്തരമായി പാക് കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഇമ്രാൻ ഖാന്റെ നിർദേശം.
ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാൻ തയ്യാറെടുപ്പ് തുടങ്ങാൻ ആശുപത്രികൾക്ക് പാക് സേന നിർദ്ദേശം നൽകി. ആക്രമണത്തിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കാനുള്ള അടിയന്തര സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് പാക് കരസേന ആശുപത്രികൾക്ക് കത്ത് നൽകികഴിഞ്ഞു. യുദ്ധമുണ്ടായാൽ പരിക്കേൽക്കുന്ന സൈനികരെ ഉൾക്കൊള്ളാൻ എല്ലാ ആശുപത്രികളും സജ്ജമാകണമെന്നും സൈനികർക്കായി കുറഞ്ഞത് 25 ശതമാനം സ്ഥലമെങ്കിലും ഓരോ ആശുപത്രിയും മാറ്റിവെക്കണെമന്നും കത്തിൽ നിർദേശിക്കുന്നു.
അതേസമയം, ഇന്ത്യയുടെ സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ നടന്ന ചാവേറാക്രമണത്തിൽ ശക്തമായി തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഭീകരരെ എവിടെ ഒളിപ്പിച്ചാലും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ സൈനികർ വധിച്ച മൂന്ന് തീവ്രവാദികളുടേത് ഇന്ത്യയുടെ തിരിച്ചടിയുടെ ആദ്യഘട്ടമാണെന്നായിരുന്നു സൈന്യം പറഞ്ഞത്. കശ്മീരിലെ എല്ലാ തീവ്രവാദികളും കീഴടങ്ങണം അല്ലെങ്കിൽ മരിക്കാൻ തയ്യാറാവണം എന്ന് അന്ത്യശാസനം നൽകിയിരിക്കുകയാണ് കരസേന. കശ്മീരിൽ തോക്കെടുക്കുന്നവരെ ഉന്മൂലനം ചെയ്യുമെന്നും തീവ്രവാദം അവസാനിപ്പിക്കുമെന്ന ശക്തമായ നിലപാടിലാണ് ഇന്ത്യ.