news

1. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി നേരിടാന്‍ തയ്യാറെടുപ്പുമായി പാകിസ്ഥാന്‍. സൈനികരെ ചികിത്സിക്കാന്‍ സജ്ജമായിരിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം. കൂടുതല്‍ സൗകര്യം ഒരുക്കാനും പാക് കരസേനയുടെ നിര്‍ദ്ദേശം. പാകിസ്ഥാന്റെ നീക്കം ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്ക് എതിരെ നടപടി ശക്തമാക്കി ഇന്ത്യന്‍ സൈന്യം.


2. ബാരമുള്ള ജില്ലയിലെ സോപോറില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈന്യം വളഞ്ഞത് ലഷ്‌കര്‍ ഭീകരരെ. അതേസമയം, ജെയ്‌ഷെ മുഹമ്മദിന് പിന്നാലെ പുല്‍വാമ മാതൃകയില്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍. പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭയും. കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കണം എന്ന പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കി. അന്താരാഷ്ട്ര നിയമങ്ങളുംസുരക്ഷാ സമിതി തീരുമാനങ്ങളും മാനിച്ച് എല്ലാ രാജ്യങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കണം എന്നും പ്രമേയം.

3. ഫ്രാന്‍സ് മുന്‍ കൈ എടുത്ത പ്രമേയത്തില്‍ പാക് ചാരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് എടുത്തു പറയുന്നു. പ്രമേയത്തിന് പിന്തുണയുമായി ചൈന അടക്കമുള്ള രാജ്യങ്ങള്‍. ഭീകര ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസറിനെ നിരോധിക്കുന്നത് എതിര്‍ത്ത ചൈന പ്രമേയത്തെ പിന്തുണച്ചത് ശ്രദ്ധേയം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് എതിരായ ക്രിക്കറ്റ് മത്സരം ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാന്‍ ബി.സി.സി.ഐ താല്‍ക്കാലിക ഭരണ സമിതി ഇന്ന് യോഗം ചേരും.

4. പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലില്‍ നടപടിയുമായി ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നഷ്ടം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണം എന്ന് ഹൈക്കോടതി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഉണ്ടായ നഷ്ടം യു.ഡി.എഫ് നേതാക്കളില്‍ നിന്ന് ഈടാക്കണം. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ പ്രേരാണാ കുറ്റം ചുമത്താന്‍ നിര്‍ദ്ദേശിച്ച കോടതി നഷ്ടം കണക്കാക്കാന്‍ കമ്മിഷനെ നിയോഗിക്കാനും നിര്‍ദ്ദേശിച്ചു.

5. മിന്നല്‍ ഹര്‍ത്താലിലെ എല്ലാ കേസിലും ഡീന്‍ കുര്യാക്കോസ് പ്രതിയാകും. ജനുവരി നാലിന് നടത്തിയ ശബരിമല ഹര്‍ത്താലിന്റെ നഷ്ടം ശബരിമല കര്‍മ്മ സമിതി നേതാക്കളില്‍ നിന്നും ബി.ജെ.പി നേതാക്കളില്‍ നിന്നും ഈടാക്കാന്‍ കോടതി നിര്‍ദ്ദേശം. ടി.പി. സെന്‍കുമാര്‍, കെ.എസ് രാധാകൃഷ്ണന്‍, പി.എസ് ശ്രീധരന്‍ പിള്ള, കെ.പി ശശികല അടക്കമുള്ളവര്‍ കേസില്‍ പ്രതികളാകും.

6. പെരിയയില്‍ കൊലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ല. തീരുമാനം, കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് എന്ന് സി.പി.എം ജില്ലാ നേതൃത്വം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് സി.പി.എം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു.

7. എന്നാല്‍ വീട് സന്ദര്‍ശനത്തിന് അനുമതി നല്‍കാന്‍ ആവില്ലെന്ന് കാസര്‍കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നിലപാട് എടുക്കുക ആയിരുന്നു. അതേസമയം, മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണം എന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്റെ പ്രതികരണം. മുഖ്യമന്ത്രിയോട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടും എന്നും കൃഷ്ണന്‍. അതിനിടെ, ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി നേതാക്കള്‍. കോണ്‍ഗ്രസ് ക്രിമിനലുകളുടെ നാടാണ് കല്യോട്ട് എന്ന് മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍. നേരത്തെ കേസില്‍ അറസ്റ്റിലായ പ്രതി സജിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ കെ.വി കുഞ്ഞിരാമന്‍ ശ്രമിച്ചതായും ആരോപണം ഉണ്ടായിരുന്നു.

8. അതേസമയം, പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണ സംഘത്തിന് എതിരെ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസ് അന്വേഷിക്കാന്‍ ഐ.ജി. ശ്രീജിത്തിന് എന്ത് യോഗ്യത എന്ന് മുല്ലപ്പള്ളി. സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തില്‍ ആകുമ്പോള്‍ കേസ് ശ്രീജിത്തിനെ ഏല്‍പ്പിക്കുന്നു. ടി.പി കേസിലും വരാപ്പുഴ കേസിലും ത്യമായ നടപടി എടുക്കാത്ത ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് എന്നും മുല്ലപ്പള്ളി.

9. റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ സ്വതന്ത്ര അന്വേഷണം തള്ളിയ വിധിക്ക് എതിരായ പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യുന്നച് പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. അതേസമയം, ബെഞ്ച് രൂപീകരണം ക്‌ളേശകരം ആണെന്നും ചീഫ് ജസ്റ്റിസ്. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവര്‍ ഏകകണ്ഠമായി വിധി പറഞ്ഞത്, ഡിസംബര്‍ 14ന്.

10. റഫാല്‍ ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചിട്ടുണ്ട് എന്ന് വിധിയിലെ പരാമര്‍ശം വിവാദം ആയിരുന്നു. കോടതിയെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുക ആയിരുന്നു എന്നാണ് വാദം. സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചത് കഴിഞ്ഞ ഫെബ്രുവരി 13ന്. കോടതിയില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് അടക്കം സുപ്രീംകോടതിക്ക് മുന്നിലുള്ളത് നാല് ഹര്‍ജികള്‍.

11. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷ നല്‍കി പ്രിയങ്കാ ഗാന്ധി പരസ്യ പ്രചാരണത്തിന് ഇറങ്ങുന്നു. പ്രിയങ്കയുടെ പ്രചരണം ആരംഭിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന്. തിരഞ്ഞെടുപ്പ് റാലിയില്‍ പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരും പങ്കെടുക്കും. റാലിക്ക് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും അഹമ്മദാബാദില്‍ നടക്കും. നേരത്തെ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരും അഹമ്മദാബാദിലെ അത്ലജില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം ഇട്ടിട്ടുണ്ട്.