തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഇടക്കാല ബഡ്ജറ്റിൽ പ്രഖ്യാപിച്ച 'പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി' പദ്ധതിയിലൂടെ കേരളത്തിൽ ആനുകൂല്യം ലഭിക്കുന്നത് 24 ലക്ഷം ചെറുകിട നാമമാത്ര കർഷകർക്ക്. പ്രതിവർഷം ആറായിരം രൂപയാണ് മൂന്നു ഗഡുക്കളായി നൽകുന്നത്. അപേക്ഷകൾ സമർപ്പിക്കാൻ കൃഷി ഓഫീസുകളിലും ആനുകൂല്യം കിട്ടാൻ കൈവശഭൂമിയുടെ കരം ഒടുക്കാൻ വില്ലേജ് ഓഫീസുകളിലും കർഷകരുടെ തിരക്കാണ്.
രാജ്യത്ത് പദ്ധതിയുടെ ആദ്യഗഡു വിതരണം 24ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കർഷകർക്ക് ആദ്യഗഡുവായ 2000 രൂപ ലഭിക്കും. മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് ഈ മാസം ആദ്യം മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയത്. അപേക്ഷിക്കാനുള്ള കാലാവധി മാർച്ച് 31വരെ നീട്ടിയിട്ടുണ്ട്.
മറ്ര് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഭൂമിയുള്ള കർഷകർ കേരളത്തിൽ കൂടുതലായതിനാൽ പകുതിയിലധികം പേർക്കും ആനുകൂല്യം ലഭിക്കും. ഏക്കർകണക്കിന് വസ്തുക്കൾ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കർഷകർക്ക് പദ്ധതി ആനുകൂല്യം ലഭിക്കില്ല. ഇവരുടെ പേരിൽ കരം തീരുവ ഇല്ലാത്തതാണ് തടസം.
അഞ്ച് ഹെക്ടർ കൃഷിഭൂമി അല്ലെങ്കിൽ രണ്ടേക്കറിൽ താഴെയുള്ള
ചെറുകിട നാമമാത്ര കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക.
നിലവിൽ രജിസ്ട്രേഷനുള്ള ചെറുകിട നാമമാത്ര കർഷകർ: 12 ലക്ഷം
ഇന്നലെ വരെ അപേക്ഷിച്ചത്: 7,09,660 പേർ
1200 രൂപ പ്രതിമാസ കർഷക പെൻഷൻ വാങ്ങുന്നവർ: 3.56 ലക്ഷം
തിരക്കിലമർന്ന് വില്ലേജ് ഓഫീസുകൾ
പദ്ധതി ആനൂകൂല്യം ലഭിക്കാൻ കരം ഒടുക്കിയ രസീത് വേണമെന്നതിനാൽ വില്ലേജ് ഓഫീസുകളിൽ തിരക്കോട് തിരക്കാണ്. പല വില്ലേജ് ഓഫീസുകളിലും കർഷകരുടെ നീണ്ട ക്യൂവാണ്. തിരക്ക് കൂടിയതോടെ ടോക്കൺ നൽകി രണ്ട് ദിവസത്തിനുശേഷം വരാൻ നിർദേശിക്കുകയാണ് ജീവനക്കാർ. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ ചില വില്ലേജ് ഓഫീസുകളിൽ കഴിഞ്ഞ ദിവസം പൊലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. അപേക്ഷകൾ സ്വീകരിക്കുന്ന കൃഷി ഓഫീസുകളിലും സമാനമാണ് സ്ഥിതി.
അപേക്ഷകരിൽ അർഹതയുള്ള പരമാവധി പേർക്ക് പദ്ധതി ആനുകൂല്യം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്. അപേക്ഷകൾ വളരെവേഗം സോർട്ട് ചെയ്യുന്ന ജോലി നടന്നുവരുന്നു. മാർച്ച് 31 വരെ തീയതി നീട്ടിയിട്ടുണ്ടെങ്കിലും കൃഷി ഓഫീസുകളിലെ തിരക്കിന് കുറവില്ല. സംസ്ഥാനത്ത് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള ഇടത്തരം നാമമാത്ര കർഷകർക്ക് പുറമേ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ കൂടി ഉൾപ്പെടുത്തി കാൽ കോടിയോളം പേരെ പദ്ധതിയുടെ ഭാഗമാക്കാനാണ് സർക്കാർ ലക്ഷ്യം.
സംസ്ഥാന നോഡൽ ഓഫീസർ, കിസാൻ സമ്മാൻ നിധി.