seoul-peace-award

ന്യൂഡൽഹി: സിയോൾ സമാധാന പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയൻ സർക്കാരിൽ നിന്നും ഏറ്റുവാങ്ങി. അന്താരാഷ്ട്ര സഹകരണത്തിനായും സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടി ആഗോളതലത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ് നൽകിയിരിക്കുന്നത്. പുരസ്കാരം ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നെന്നും തുക ഗംഗാ ശുചീകരണത്തിനായി ചിലവഴിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'സിയോൾ സമാധാന പുരസ്കാരത്തിന് താൻ അർഹനായിരിക്കുകയാണ്. ഈ പുരസ്കാരം ‌ഞാനെന്ന വ്യക്തിക്ക് ലഭിച്ചതല്ല. ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിച്ചതാണ്. അഞ്ച് വർഷത്തിനുള്ളിൽ വിജയിച്ച ഇന്ത്യയ്ക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരത്തെ കണക്കാക്കുന്നത്'- പുരസ്‌കാരദാനത്തിനിടെ മോദി പറഞ്ഞു.

1990ൽ ഏർപ്പെടുത്തിയ പുരസ്കാരം സിയോൾ പീസ് ഫൗണ്ടേഷനാണ് നൽകുന്നത്. 14ാം പുരസ്കാരമാണ് നരേന്ദ്ര മോദി ഏറ്റുവാങ്ങിയത്. ചടങ്ങിൽ പ്രധാനമന്ത്രിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. ലോകമെമ്പാടും നിന്നുമുള്ള നൂറ് കണക്കിന് നോമിനേഷനുകളിൽ നിന്നാണ് മോദിയെ തെരഞ്ഞെടുത്തത്. മുൻ ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ കോഫി അന്നൻ, ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ എന്നിവരാണ് സിയോൾ പുരസ്‌കാരം ലഭിച്ചിട്ടുള്ള മറ്റ് പ്രമുഖർ.